തൊടുപുഴ: മുട്ടം പാലാ റൂട്ടിൽ പുറവിള ഭാഗത്ത് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെ മഴയിലാണ് പൊതുമരാമത്ത് റോഡും ഭിത്തിയും ഇടിഞ്ഞത്. റോഡിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ സംരക്ഷണഭിത്തിയും ഇതോടൊപ്പം തകർന്നു. ടാറിങ്ങിന്റെ പാതി ഭാഗം വരെ വിണ്ട് കീറി നിൽക്കുന്നതിനാൽ ഇരുവശങ്ങളിൽ നിന്നുമെത്തുന്ന വാഹനങ്ങൾക്ക് കടന്ന് പോകാനാവില്ല. കൂടാതെ ഭാരവാഹനങ്ങൾ ഇതുവഴി കടന്ന് പോകുമ്പോൾ അപകട സാധ്യത ഏറെയാണ്. തൊടുപുഴ, മുട്ടം, മൂലമറ്റം എന്നിവിടങ്ങളിൽ നിന്ന് പാലാ ഭാഗത്തേക്ക് പോകുന്നതിനുള്ള എളുപ്പമാർഗമാണിത്. ദിവസേന സർവീസ് ബസുകളടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്. ഏതാനും വർഷം മുൻപും ഇതിന്റെ സമീപം റോഡ് ഇടിഞ്ഞിരുന്നു.