collector
ജില്ലാകളക്ടർ എച്ച് ദിനേശനും എസ് രാജേന്ദ്രൻ എം. എൽ. എയും ദുരന്തത്തിൽ ഒറ്റപ്പെട്ടു കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തുന്നു.

മൂന്നാർ: പെട്ടിമുടിയിലെ ദുരിന്തത്തിന്റെ നടുക്കം ഇനിയും പലർക്കും മാറിയിട്ടില്ല. ഉറ്റവരെയും ഉടയവരെയും നഷ്ടമായവർ ഏറെയാണ്. അത്തരം നഷ്ടപ്പെടലുകളിൽ നിന്ന് യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടുകയാണ് ഹേമലതയും ഗോപികയും വൈഷ്ണവിയുമെല്ലാം. ഹേമലതയും ഗോപികയും സഹോദരിമാരാണ്. ഉരുൾപൊട്ടലുണ്ടായ പെട്ടിമുടിയിൽ ഇവർക്ക് നഷ്ടപ്പെട്ടത് മാതാപിതാക്കളെ ഒരുമിച്ചാണ്. ഒറ്റ രാത്രിയോടെ അനാഥരാകേണ്ടി വന്ന സഹോദരിമാർ. ഇരുവരും തിരുവനന്തപുരത്താണ് പഠിച്ചിരുന്നത്. ഗോപിക പ്ലസ്ടുവിനാണ് പഠിക്കുന്നത്. ഹേമലത പ്ലസ്ടുവിനുശേഷം തുടർപഠനത്തിനായി കാത്തിരിക്കുമ്പോഴാണ് ഈ ദുരന്തവാർത്ത അറിയുന്നത്. ഏറ്റവും ഒടുവിൽ ജൂൺമാസത്തിലാണ് ഇവർ ഇവിടെ വന്ന് തിരികെ പോയത്. തുടർന്ന് തിരികെയത്തിയത് ദുരിതപെയ്ത്തിൽ നിശ്ചലമായ പെട്ടിമുടിയിലേക്കാണ്. ഇവരുടെ പിതാവ് ഗണേശന്റെ സഹോദരൻ ഷൺമുഖനാഥന്റെ മകളാണ് വൈഷ്ണവി, വൈഷ്ണവിക്കും ഈ പ്രളയകാലം നൽകിയത് സ്വന്തം സഹോദരൻമാരായ നിധീഷ്‌കുമാറിന്റെയും ദിനേഷ്‌കുമാറിന്റെയും വിയോഗവാർത്തയാണ്.. വൈഷ്ണവി മൂന്നാർ കാർമ്മൽഗിരി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളാണ്. സ്വന്തംകൂടപ്പിറപ്പുകളെ നഷ്ടപ്പെട്ട ഓർമകളിലൂടെ ഇവർ ഈ ദിനങ്ങൾ തള്ളി നീക്കുകയാണ്. കുട്ടികളുടെ പഠനം സർക്കാർ ഏറ്റെടുക്കും. ഹേമലതയ്ക്ക് ഡോക്ടറാവാനാണ് ആഗ്രഹം. ഗോപികയ്ക്ക് വനംവകുപ്പിൽ ഉയർന്ന ജോലി കരസ്ഥമാക്കണം. വൈഷ്ണവിയും മികച്ച ഒരു ജോലി നേടണമെന്ന് ആഗ്രഹിക്കുന്നു. ജില്ലാ കലക്ടർ എച്ച്. ദിനേശനും എസ്. രാജേന്ദ്രൻ എം. എൽ. യും ഇവർ താമസിക്കുന്ന മൂന്നാർ ഇക്കാനഗറിലെ വീട്ടിൽ എത്തി ആശ്വസിപ്പിച്ചു. മുഖ്യമന്ത്രിയുടെ മൂന്നാർ സന്ദർശനത്തിലും വിദ്യാർത്ഥികളുടെ പഠനത്തിനുള്ള ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പഠനമടക്കം എല്ലാം സർക്കാർ ഏറ്റെടുത്തിട്ടുണ്ടെന്ന വിവരം കുട്ടികളെ അറിയിച്ചു.. പെട്ടിമുടിയിലെ മറ്റ് വിദ്യാർത്ഥികളുടെ പഠനച്ചെലവും സർക്കാർതന്നെയാണ് വഹിക്കുക. ജീവിതത്തിൽ എല്ലാം നഷ്ടമായപ്പോൾ ഒപ്പം നിന്നവരോട് ഏറെ നന്ദിയും കടപ്പാടുമുണ്ടെന്ന് സഹോദരിമാർ പറഞ്ഞു.