വെള്ളയാംകുടി പള്ളിയിലും സ്‌കൂളിലും മോഷണശ്രമം
പൊലീസ് അന്വേഷണം തുടങ്ങി
കട്ടപ്പന: കല്യാണത്തണ്ട് കൈലാസനാഥ മഹാദേവ ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രി വൻ കവർച്ച. 20,000ൽപ്പരം രൂപയും സ്വർണാഭരണങ്ങളും മോഷണം പോയി. ക്ഷേത്രത്തിന്റെ ഓഫീസ് മുറി കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ശൂലം, താലി, വേൽ തുടങ്ങിയ സ്വർണാഭരണങ്ങളും 12,000 രൂപയും ശാന്തിമഠം തുറന്ന് 8000 രൂപയും മൊബൈൽ ഫോണും കവർന്നു. ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച സ്വർണാഭരണങ്ങളും ക്ഷേത്ര നിർമാണത്തിനായി സൂക്ഷിച്ചിരുന്ന പണവുമാണ് ഓഫീസിൽ നിന്നു നഷ്ടമായത്. കൂടാതെ ശ്രീകോവിൽ, ഊട്ടുപുര, എന്നിവയും കുത്തിത്തുറന്നിട്ടുണ്ട്. ശ്രീകോവിലിൽ നിന്നു വിളക്കുകളോ പാത്രങ്ങളോ നഷ്ടമായിട്ടില്ല. പതിവുപൂജകൾക്കുശേഷം ശനിയാഴ്ച രാത്രി എട്ടോടെയാണ് മേൽശാന്തി മടങ്ങിയത്.
ഇന്നലെ രാവിലെ നട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപെട്ടത്. മോഷണം നടത്താൻ ഉപയോഗിച്ച കമ്പിയും മോഷ്ടാവിന്റേതെന്നു കരുതുന്ന കുടയും തോർത്തും സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്ര നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ നൽകേണ്ട പണമാണ് മോഷണം പോയത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തും. ക്ഷേത്രം ഭാരവാഹികളുടെ പരാതിയിൽ കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചു. ഏഴുവർഷത്തിനിടെ മൂന്നാം തവണയാണ് ക്ഷേത്രത്തിൽ കവർച്ച നടക്കുന്നത്.
കൂടാതെ വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളിയിലും സെന്റ് ജെറോംസ് സ്‌കൂളിലും മോഷണശ്രമമുണ്ടായി. സ്‌കൂളിലെ പാചകപ്പുരയുടെ പൂട്ട് കുത്തിപൊളിച്ച് ഉള്ളിൽ കടന്നെങ്കിലും ഉപകരണങ്ങളൊന്നും മോഷ്ടിച്ചിട്ടില്ല. ഇവിടെ സൂക്ഷിച്ചിരുന്ന വാക്കത്തി ഉപയോഗിച്ച് പള്ളിയുടെ നേർച്ചപെട്ടി കുത്തിത്തുറന്നു. പള്ളിയിലെ അൾത്താരയോടുചേർന്നുള്ള സങ്കീർത്തിയുടെ വാതിലും തുറക്കാൻ ശ്രമമുണ്ടായി. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പള്ളിയുടെ മുമ്പിലെ സി.സി. ടി.വി. ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. ക്ഷേത്രത്തിലും പള്ളിയിലും കയറിയത് ഒരാൾ തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്.