പതിനൊന്ന്പേർ കസ്റ്റഡിയിൽ

തൊടുപുഴ: വാഹനാപകടത്തിൽ മരിച്ച യുവാവിനെതിരെ മോശം പ്രചരണം നടത്തിയെന്നാരോപിച്ച് യുവാവിന്റെ സമീപവാസിക്കെതിരെ ഭീഷണി. സംഭവത്തിന്റെ പേരിൽ ഇടവെട്ടി വലിയ ജാരം ഭാഗത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ആക്രമണം ഭയന്ന് സമീപവാസി അഭയം തേടിയ ജനമൈത്രി പൊലീസുകാരന്റെ വീടിനു നേരെ ഒരു സംഘം ആളുകൾ അതിക്രമത്തിനു ശ്രമിച്ചു. സംഭവത്തിൽ 11 പേരെ തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടവെട്ടി വലിയജാരം സ്വദേശികളായ മസ്താൻ, അസ്ഹർ, ഇർഫാൻ, മുഹമ്മദ്, കുഞ്ഞുണ്ണി, മൗസീൻ, ബാദു, ബഷീർ, ദിലീപ്, ഷെഫീഖ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം മരിച്ച ഇടവെട്ടി സ്വദേശിയായ യുവാവിനെതിരെയാണ് സമീപവാസി മോശം പരാമർശം നടത്തിയതെന്നാണ് ആരോപണം. ഇത് വ്യാപകമായി പ്രചരിച്ചതോടെ യുവാവിന്റെ സുഹൃത്തുക്കളാണ് ഇയാൾക്കെതിരെ ആക്രമണത്തിനു മുതിർന്നത്. ജീവനു ഭീഷണിയായതിനെ തുടർന്നാണ് ഇയാൾ അടുത്തുള്ള പൊലീസുകാരന്റെ വീട്ടിൽ അഭയം തേടിയത്. ശനിയാഴ്ച മുതൽ ഇയാൾ പൊലീസുകാരന്റെ വീട്ടിൽ കഴിയുകയായിരുന്നു. ഇതോടെയാണ് മുപ്പതോളം വരുന്ന സംഘം ഇവിടെയെത്തി ഭീഷണി മുഴക്കിയത്. ഇതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. വൻ പൊലീസ് സംഘവും സ്ഥലത്തെത്തി. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് 11 പേർ പിടിയിലായത്. സംഘം ചേർന്നതിനും ഭീഷണി മുഴക്കിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തതെന്ന് എസ്‌ഐ ബൈജു പി.ബാബു പറഞ്ഞു.