കട്ടപ്പന: കാലവർഷത്തിൽ ഇടുക്കി ജലാശയത്തിലേക്ക് ഒഴുകിയെത്തിയ പ്ലാസ്റ്റിക് മാലിന്യം നീക്കാൻ നടപടി തുടങ്ങി. ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയുടെ പ്ലാസ്റ്റിക് ഫ്രീ പെരിയാർ കാമ്പയിന്റെ ഭാഗമായി അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തിലാണ് ശുചീകരണം ആരംഭിച്ചിരിക്കുന്നത്. ആദ്യഘട്ട ശുചീകരണത്തിൽ പ്രവർത്തകർ വെള്ളത്തിലിറങ്ങി 10 ചാക്കുകളിലായി മാലിന്യം ശേഖരിച്ചു. ജലാശയത്തിലെ മത്സ്യസമ്പത്തിനു ഭീഷണിയാകുന്ന വിധത്തിൽ അര കിലോമീറ്ററോളം ദൂരത്തിലാണ് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കെട്ടിക്കിടക്കുന്നത്. പല ഘട്ടങ്ങളിലായി മുഴുവൻ മാലിന്യവും പ്രവർത്തകർ നീക്കം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ജലനിരപ്പ് കൂടുതലായതിനാൽ വെള്ളത്തിലിറങ്ങിയുള്ള ശുചീകരണവും ശ്രമകരമാണ്. പ്രസിഡന്റ് അഡ്വ. ജോഷി മണിമല, സെക്രട്ടറി സൂര്യലാൽ സുഗതൻ, സിജോ എവറസ്റ്റ്, സൈജോ ഫിലിപ്പ്, ടോമി ആനിക്കമുണ്ടയിൽ, റോയി ജോർജ്, ജോസൻ കെ.ജോസ് എന്നിവർ നേതൃത്വം നൽകി.