തൊടുപുഴ: കാർഷിക മേഖലയെ അധികൃതർ അവഗണിക്കുമ്പോൾ അതിനെതിരെ പടവെട്ടി മുന്നേറുകയാണ് മുട്ടത്ത് തുടങ്ങാനാട്ടിൽ മൈലാടൂർ കുര്യന്റെയും മേരിയുടെയും മകൻ ലിപ്സൺ കുര്യൻ. കൃഷി പാരമ്പര്യമായി പകർന്ന് കിട്ടിയ അനുഗ്രഹമാണ് ലിപ്സന്. അത് കൊണ്ട് തന്നെ കൃഷി ഒരു ഉപജീവന മാർഗമായി സ്വീകരിക്കുന്നതിൽ ലിപ്സന് ഏറെ സംതൃപ്തിയുമുണ്ട്.ഓർമ്മ വെച്ച നാൾ മുതൽ കുടുംബത്തിലെ കാർഷിക പ്രവർത്തികൾ കണ്ടും കെട്ടും അറിഞ്ഞാണ് ലിപ്സൺ വളർന്നതും. നാട്ടിലെ മറ്റ് കൃഷിക്കാരും ലിപ്സന്റെ ചെറുപ്പത്തിലുള്ള ഓർമ്മകളിൽ കുടുംബ വകയായിട്ടുള്ള കൃഷിയിടങ്ങളിലും ഏറ്റവും കൂടുതലായി ആശ്രയിച്ചിരുന്നത് റബർ കൃഷിയെയാണ്. റബറിന്റെ വില ഏറ്റവും കുറഞ്ഞ അവസ്ഥകളിൽ മറ്റുള്ളവരെ പോലെ ലിപ്‌സണും മാറി ചിന്തിച്ചു. വില സ്ഥിരത ഇല്ലായ്മയും അപ്രതീക്ഷിതമായ കാലാവസ്ഥയും കാരണത്താൽ കാർഷികമേഖല വൻ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത് എന്ന തിരിച്ചറിവാണ് മാറ്റി ചിന്തിച്ചത്. ഏതാനും നാളുകൾ വരെ അടുത്ത ടൗണിലെ കടകളിലും മറ്റും എത്തിച്ചാണ് മറ്റ് കർഷകരെപ്പോലെ ലിപ്‌സണും കാർഷിക വിളകൾക്ക് വിപണി കണ്ടെത്തിയിരുന്നത്. കാർഷിക മേഖലയുടെ വില തകർച്ചയിലും സ്ഥിര വിപണി ഇല്ലാത്തതും ഈ രംഗത്തോട് ചില സമയങ്ങളിലെങ്കിലും ഒരു മടുപ്പ് തോന്നിച്ചിട്ടുണ്ടെന്നും ഈ യുവ സംരംഭകൻ തുറന്ന് പറയുന്നു. ഇതിനിടയിൽ പശു, ആട് വളർത്തലിലും സമയം കണ്ടെത്തുന്നു.തുടങ്ങനാട് ഫാർമേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ്, വി എഫ് പി സി കെ വൈസ് പ്രസിഡന്റ്, വൺ ഇൻഡ്യ വൺ പെൻഷൻ പദ്ധതിയുടെ സജീവ പ്രവർത്തകൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ഭാര്യ സ്വീറ്റിയും മക്കളായ സിറിയക്, സിറിൽ, ചാർളി എന്നിവരും ലിപ്സന്റെ കൂടെ സഹായമായി എപ്പോഴും ഉണ്ട് എന്നതും ലിപ്സന് ഏറെ ആത്മ വിശ്വാസം നൽകുന്നു
മൂല്യ വർദ്ധിത
ഉത്പന്നങ്ങളുമായി...
വിപണന സാദ്ധ്യതയുള്ള മൂല്യ വർദ്ധിത ഉത്പന്നങ്ങൾക്കായുള്ള വിവിധ ഇനങ്ങളിലുള്ള ഫ്രൂട്സ്, ചെറു നാരകം, പപ്പായ, പേര, എന്നി പുതിയ കൃഷികളാണ് ലിപ്സൺ ആവിഷ്ന്നകരിച്ചിരിക്കുന്നത് . കൂടാതെ വിപുലമായ രീതിയിൽ മത്സ്യകൃഷിയും ആലോചനയിലുണ്ട്. എന്നാൽ സങ്കേതമായ പല കാരണങ്ങളാലും തൊഴിലാളികളെ ആശ്രയിച്ച് കൃഷി മുന്നോട്ട് കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ഈ യുവ കർഷകൻ സ്വന്തം അനുഭവത്തിലൂടെ പറയുന്നു. ഇക്കാരണങ്ങളാൽ തൊഴിലാളികളെ ആശ്രയിക്കാതെ സ്വന്തമായി ചെയ്യാൻ പറ്റുന്ന കൃഷി രീതികൾ മാത്രം ചെയ്യാനുള്ള പദ്ധതികളാണ് ലിപ്സന്റെ ആലോചനയിൽ. ഇതിനായി ഓൺ ലൈൻ വിപണന സാദ്ധ്യതകൾ സംബന്ധിച്ച് ഈ രംഗത്തുള്ളവരുമായി വിവിധ തലങ്ങളിലുള്ള ചർച്ചകളും നടന്ന് വരുകയാണ്.
" അധ്വാനിക്കാനുള്ള മനസുള്ള ആർക്കും ഈ മേഖയിലേക്ക് കടന്ന് വരാം. കൃത്യമായ പ്ലാനിങ്ങോടെ അടുക്കും ചിട്ടയുമായി ചെയ്താൽ ഇത് ഏറെ ആഹ്ലാദത്തോടെ ചെയ്യാൻ കഴിയും. മനസിന് ഏറെ സംതൃപ്തി ലഭിക്കുന്ന ഒരു കർമ്മ മേഖല കൂടിയാണ് കാർഷിക രംഗം. വിദ്യാഭ്യാസ രംഗത്ത് കാർഷിക മേഖലക്ക് ഒരു പരിഗണനയും ലഭിക്കുന്നില്ല".
ലിപ്സൺ കുര്യൻ.