കട്ടപ്പന: നഗരത്തിൽ യുവതിയെ യുവാവ് കുത്തി പരുക്കേൽപ്പിച്ചു. കട്ടപ്പന ടൗണിൽ ബ്യൂട്ടി പാർലർ നടത്തുന്ന 35 കാരിയായ യുവതിക്കാണ് പരുക്കേറ്റത്. സംഭവത്തിൽ ചക്കുപള്ളം മാട്ടൻകൂട്ടിൽ അരുൺകുമാറിനെ (27) കട്ടപ്പന പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് 4.30ഓടെ പുതിയ ബസ് സ്റ്റാൻഡിനു സമീപത്തുള്ള ആര്യാസ് ഹോട്ടലിനു സമീപത്തായിരുന്നു അക്രമം. പ്രണയ നൈരാശ്യമാണ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. ടൗണിൽ വച്ച് ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടാകുകയും യുവാവ് കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് യുവതിയെ കുത്തി പരുക്കേൽപ്പിക്കുകയുമായിരുന്നു. യുവതിയുടെ കൺപുരികത്തിനുൾപ്പെടെ മൂന്നു കുത്തുകൾ ഏറ്റിട്ടുണ്ട്. യുവതിയെ ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. കൺപുരികത്തിനേറ്റ മുറിവ് ആഴമുള്ളതാണെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.