നെടുങ്കണ്ടം : കൊവിഡ് സമാശ്വാസ കാലിത്തീറ്റ ധനസഹായ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി എം.എം. മണി നിർവ്വഹിച്ചു. കൈലാസനാട് ക്ഷീരോല്പാദക സഹകരണ സംഘത്തിൽ സംഘടിപ്പിച്ച പദ്ധതിയുടെ ഉദ്ഘാടനം വീഡിയോകോൺഫറൻസിലൂടെയാണ് മന്ത്രി നിർവഹിച്ചത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ക്ഷീര കർഷകരെ സഹായിക്കുന്നതിനുവേണ്ടി ക്ഷീര വികസന വകുപ്പാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതി പ്രകാരം പാൽ അളവിന്റെ അടിസ്ഥാനത്തിൽ കർഷകർക്ക് സബ്‌സിഡി നിരക്കിലാണ് കാലിത്തീറ്റ നൽകുന്നത്. ജില്ലയിൽ 12,591 ക്ഷീര കർഷകർക്ക് 24,631 ചാക്ക് കാലിത്തിറ്റ വിതരണം ചെയ്യും. ഇതിനായി 98.5 ലക്ഷം രൂപയാണ് സർക്കാർ ജില്ലയ്ക്ക്‌വേണ്ടി വകയിരിത്തിയിരിക്കുന്നത്. യോഗത്തിൽ നെടുങ്കണ്ടംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഉടുമ്പൻചോല പഞ്ചായത്ത് പ്രസിഡന്റ് ശശികലാ മുരുകേശൻ, എൻ. പി. സുനിൽകുമാർ, ശാന്ത ബിജു, പി. ജെ.ജോമോൻ, ക്ഷീര സഹകരണ സംഘം ജില്ലാ പ്രസിഡന്റ് ജോയി അമ്പാട്ട്, ഷാജി കൂനാനിക്കൽ, സെൽവം പി. ആറ്റിങ്ങൽ എന്നിവർ സംസാരിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജിജാ സി. കൃഷ്ണൻ,ക്വാളിറ്റി കൺട്രോൾ ഓഫീസർ എം. എൽ.ജോർജ്ജ്, നെടുങ്കണ്ടം ക്ഷീര വികസന ഓഫീസർ എ.സി. രജികുമാർ, എന്നിവർ പദ്ധതി വിശദീകരിച്ചു.