ഇടുക്കി: വിദേശത്ത് തൊഴിൽ തേടുന്നവർ അഭിമുഖീകരിക്കുന്ന ഭാഷാപ്രശ്നത്തിന് പരിഹാരമായി ഇനി ഓൺലൈനിലൂടെ പഠനം നടത്താം. ജർമ്മനും ജാപ്പനീസും ഫ്രഞ്ചും ഉൾപ്പെടെയുള്ള വിദേശ ഭാഷകൾ വീട്ടിലിരുന്നു പഠിക്കാൻ അവസരമാവുകയാണ്.സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 'അസാപ്' (അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം) ഇതിനായി ഓൺലൈൻ സംവിധാനം ഒരുക്കുന്നു. വിദേശജോലികളിലേക്കുള്ള പ്രധാന ചവിട്ടു പടിയാണ് ഭാഷാപ്രാവീണ്യം. വിദേശരാജ്യങ്ങളിലെ എംബസിയുമായോ സർക്കാർ അംഗീകൃത ഏജൻസികളുമായോ സഹകരിച്ചാണ് അസാപ് ഓൺലൈൻ ഭാഷാകോഴ്‌സ് ആരംഭിക്കുന്നത്. വിവിധ ജില്ലകളിലുള്ള അസാപ്പിന്റെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ആഭിമുഖ്യത്തിലാണ് ഓൺലൈൻ പരിശീലനം.
ബഹുഭാഷാപരിശീലനകേന്ദ്രങ്ങൾ വഴി ജാപ്പനീസ്, ജർമ്മൻ, ഫ്രഞ്ച്, അറബിക്, സ്പാനിഷ് എന്നീ ഭാഷകളാണ് പഠിപ്പിക്കുക. ആദ്യഘട്ടത്തിൽ ജാപ്പനീസ്, ജർമ്മൻ, ഫ്രഞ്ച് ഭാഷകളുടെകോഴ്‌സുകളാണ് ആരംഭിക്കുന്നത്.
ഭാഷയുടെ അതിർവരമ്പുകൾ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിൽ സാദ്ധ്യതകൾക്കും തടസ്സമാകാതിരിക്കാനാണ് തൊഴിൽ നൈപുണ്യ പരിശീലനകേന്ദ്രമായ അസാപ് ഇത്തരത്തിലൊരു പദ്ധതിയുമായി മുന്നോട്ടു വന്നത്.
പഠിക്കാൻ താൽപര്യമുള്ള 15 വയസ്സിന് മുകളിലുള്ള ആർക്കും രജിസ്റ്റർ ചെയ്യാം. ജർമ്മൻ ഭാഷാ പഠനം (ലെവൽ 1) 180 മണിക്കൂറും ജാപ്പനീസ് (ലെവൽ 5) 150 മണിക്കൂറും ഫ്രഞ്ച് 100 മണിക്കൂറുമാണ് പഠനദൈർഘ്യം.
ആഗസ്റ്റ് അവസാനവാരം പരിശീലനം തുടങ്ങും. പരീശീലനശേഷം പരീക്ഷ പാസാവുന്ന മുറയ്ക്ക് അംഗീകൃത ഏജൻസിയുടെ സർട്ടിഫിക്കറ്റ് ലഭിക്കും. അറബിക് പരീക്ഷയ്ക്ക്‌കേരള സർവ്വകലാശാല അറബിക് ഡിപ്പാർട്ട്‌മെന്റിന്റെ സാക്ഷ്യപത്രമാണ് ലഭിക്കുക. രജിസ്റ്റർ ചെയ്യാനും ഫീസ് ഉൾപ്പെടെയുളള കൂടുതൽ വിവരങ്ങൾക്കും www.asapkerala.gov.in അല്ലെങ്കിൽ www.skillparkkerala.in സന്ദർശിക്കുക.ഫോൺ: 9495999634, 9495999631.