ഇന്നലെ നടത്തിയത് 16 പരിശോധനകൾ
ഇനിമുതൽ നൂറ് പേരുടെ പരിശോധന നടത്താം
ഭാവിയിൽ മരുന്ന് ഗവേഷണത്തിനായി ഉപയോഗിക്കാം
ഇടുക്കി : മെഡിക്കൽ കോളേജിൽ ആർടിപിസിആർ പരിശോധനയ്ക്ക് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അനുമതി ലഭിച്ചതോടെ ജില്ലയിലെ കൊവിഡ് പരിശോധന ലാബ് പ്രവർത്തനാരംഭിച്ചു. ഇന്നലെ 16 പേരുടെ സ്രവങ്ങളാണ് പരിശോധനയ്‌ക്കെടുത്തത്. ഇനി മുതൽ ഇവിടെ പ്രതിദിനം നൂറോളം പേരുടെ സ്രവ പരിശോധന നടത്താനാവും. ഒരു സമയത്ത് 96 സാമ്പിൾ പരിശോധിയ്ക്കാൻ സാധിക്കുന്ന ഓട്ടോമേറ്റഡ് എക്സ്ട്രാക്ഷൻ ആർഎൻഎ സിസ്റ്റം ലഭിച്ചാൽ ജില്ലയിലെ മുഴുവൻ സ്രവ പരിശോധനയും ഇവിടെ നടത്താൻ സാധിക്കും. നിലവിൽ കോട്ടയം തലപ്പാടിയിലാണ് പരിശോധനകൾ നടത്തിയിരുന്നത്. ഇക്കാരണത്താൽ പരിശോധന ഫലം വൈകിയിരുന്നു. ലാബിന്റെ അപര്യാപതത വിഷയം മന്ത്രി എംഎം മണി മുൻകൈയെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യ മന്ത്രി കെകെ ഷൈലജയെയും ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദ്രുതഗതിയിൽ ജില്ലയിൽ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി ഇപ്പോൾ പ്രവർത്തനം ആരംഭിക്കാൻ സാധിച്ചത്. ഭാവിയിൽ ഈ ലാബ് മരുന്ന് ഗവേഷണത്തിനായി ഉപയോഗിക്കാൻ സാധിക്കും.
ആർടിപിസിആർ
പരിശോധന ലാബ്
കൊവിഡ് 19 പരിശോധനയ്ക്ക് ഉപയോഗിക്കുന്ന നൂതന സംവിധാനമാണ് ഇടുക്കി മെഡിക്കൽ കോളേജിൽ സജ്ജികരിച്ചിരിക്കുന്നത്. ഈ രോഗത്തിന് സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് തത്സമയ പോളിമറേസ് ചെയിൻ റിയാക്ഷൻ (ആർടിപിസിആർ) പരിശോധന. ഈ പ്രക്രിയ വൈറസിന്റെ നിർദ്ദിഷ്ട ജനിതക ശകലങ്ങൾ ആവർത്തിച്ച് പകർത്തുകയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ തൊണ്ടയിലോ മൂക്കിലോ നിന്നും സ്രവമെടുത്താണ് ആർടിപിസിആർ പരിശോധന ആരംഭിക്കുന്നത്. എട്ടു മണിക്കൂറു വേണം പരിശോധന പൂർത്തികരിച്ച് ഫലം ലഭിക്കാൻ.
അത്യാധുനിക മെഷീനുകൾ
അഞ്ചു മുറികളിലായി സാമ്പിൾ സ്വീകരിക്കാനും അത് പരിശോധനയ്ക്കായി തയ്യാറാക്കാനും, ആർഎൻഎ വേർതിരിച്ചെടുക്കൽ, മാസ്റ്റർ മിക്ചർ മുറി, ടെമ്പ്‌ലേറ്റ് മുറി, പിസിആർ മുറി എന്നിങ്ങനെയാണ് പരിശോധന മുറികളുടെ ക്രമീകരണങ്ങൾ. കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് ലാബിനുള്ളിൽ തന്നെ ബയോ വേസ്റ്റ് മാനേജ്‌മെന്റിനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. പി.സി.ആർ മെഷീൻ, ബയോസേ്ര്രഫി ക്യാബിനറ്റുകൾ തുടങ്ങി അത്യാധുനീക ഉപകരണങ്ങൾ പി.സി.ആർ ടെസ്റ്റ് ലാബിൽ സജ്ജമാക്കിയിട്ടുണ്ട്.