ചെറുതോണി: ബാങ്കിലെ തിരക്കൊഴിവാക്കാൻ റോഡിൽ വട്ടംവരച്ച് പൊലീസ്. കഴിഞ്ഞ ഒരാഴ്ചയായി യൂണിയൻ ബാങ്കിന്റെ ചെറുതോണി ശാഖയിൽ ഇടപാടുകൾക്കായി ദിവസേന നൂറുകണക്കിനാളുകളാണെത്തുന്നത്. തിരിക്ക് വർധിച്ചതോടെ ബാങ്ക് തുറക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് മുതൽ ബാങ്കിന് മുമ്പിൽ ആളുകൾ എത്തി ക്യൂ നിർക്കാനാരംഭിക്കും. പത്തിന് ഓഫീസ് തുറക്കാനെത്തുന്ന ജീവനക്കാർക്ക് പോലും കടന്നുപോകാൻ പറ്റാത്ത വിധത്തിലുള്ള തിരക്കാണനുഭവപ്പെടുന്നത്. വിവിധ ക്ഷേമ പെൻഷനുകളും കുടുംബശ്രീവഴിയുള്ള ഇടപാടുകൾക്കുമാണ് ആളുകളെത്തുന്നത്. ബാങ്കിന്റെ വാതിൽക്കൽ നിന്നും ക്യൂ ആരംഭിച്ച് ഇടുക്കി അടമാലി റോഡിൽ കടകൾക്ക് മുമ്പിലായി നീണ്ട ക്യൂവാണ് ഒരാഴ്ചയിലധികമായി അനുഭവപ്പെടുന്നത്. തിരക്ക് റോഡിലേയ്ക്ക് വ്യാപിച്ചതോടെ ഇടുക്കി സി.ഐയുടെ നേതൃത്വത്തിൽ തിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. തുടർന്ന് സി.ഐയുടെ നിർദ്ദേശാനുസരണം ആളുകൾക്ക് ടോക്കൺ നൽകാനാരംഭിച്ചു. എന്നിട്ടും ആളുകൾ ക്യൂവിൽ നിന്ന് മാറാൻ കൂട്ടാക്കിയില്ല. സാമൂഹികാകലം പാലിക്കുന്നതിന് റോഡിൽ പെയിന്റ് ഉപയോഗിച്ച് വട്ടം വരയ്ക്കാനായി പൊലീസിനെ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുകയും ചെയ്താണ് ഇടപാടുകൾ ക്രമീകരിച്ചത്.