കട്ടപ്പന: നഗരത്തിൽ സമ്പർക്ക രോഗികളുടെയും ഉറവിടമറിയാത്തവരുടെയും എണ്ണം വർദ്ധിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി പൊലീസും ആരോഗ്യ വകുപ്പും. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഉൾപ്പെടെ മൂന്നുദിവസത്തിനിടെ ഒൻപത് പേർക്കാണ് രോഗം പിടിപെട്ടത്. രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് ഇടുക്കിക്കവലയിലെ ചില സ്ഥാപനങ്ങൾ താത്കാലികമായി അടപ്പിച്ചു. ഉറവിടമറിയാത്ത കേസുകളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ കോവിഡ് മാനദണ്ഡം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. രോഗബാധിതരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരെ ഇന്നുമുതൽ ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കും. ഹോട്ടൽ ജീവനക്കാരന്റെയും വർക്ക് ഷോപ്പ് ജീവനക്കാരന്റെയും രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഹോട്ടൽ ജീവനക്കാരനുമായി സമ്പർക്കത്തിലേർപ്പെട്ട ഏഴുപേർക്കാണ് രോഗം പിടിപെട്ടത്.