കട്ടപ്പന: പേമാരിയിൽ കൃഷിനാശം സംഭവിച്ച കരുണാപുരം പഞ്ചായത്തിലെ കർഷകർക്ക് ധനസഹായം നൽകണമെന്ന് കേരള കോൺഗ്രസ്(എംജോസ് വിഭാഗം) മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അഞ്ച് കോടിയിൽപ്പരം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ബാങ്കുകൾ, സഹകരണ സംഘങ്ങൾ എന്നിവിടങ്ങളിൽ നിന്നു വായ്പയെടുത്ത് കൃഷി ചെയ്തവരുടെ ഉപജീവനമാർഗം നഷ്ടമായി. വിളകളുടെ വിലത്തകർച്ചയും കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ബാങ്ക് വായ്പകൾ എഴുതിത്തള്ളി കർഷകർക്ക് അടിയന്തര ധനസഹായം അനുവദിക്കണം. കരുണാപുരം പഞ്ചായത്ത് ഭരണസമിതി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കണം. സത്വര നടപടി ഉണ്ടായില്ലെങ്കിൽ സമരവുമായി രംഗത്തിറങ്ങുമെന്നും പ്രസിഡന്റ് ഷൈൻ ജോസ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ജോസ് വാണിയപ്പുരയ്ക്കൽ, ബേബി വടക്കംമുറി, ജോസ് കല്ലറയ്ക്കൽ, ഷാജി കാരയ്ക്കൽ എന്നിവർ പറഞ്ഞു.