മൂന്നാർ: ഉരുൾപൊട്ടലുണ്ടായ പെട്ടിമുടിയിൽ ഇന്നലെ നടത്തിയ തെരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതിൽ അശ്വന്ത് രാജ് (6), അനന്ത ശെൽവം (57) എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഇതോടെ മരിച്ചവരുടെ എണ്ണം 61 ആയി. ഇനി ഒമ്പത് പേരെ കൂടി കണ്ടെത്താനുണ്ട്.
വലിയ തോതിൽ മണ്ണടിഞ്ഞ ഗ്രാവൽ ബങ്ക് കേന്ദ്രീകരിച്ചാണ് തുടർച്ചയായ പന്ത്രണ്ടാം ദിവസവും തെരച്ചിൽ നടന്നത്. മണ്ണിനടിയിൽ മനുഷ്യരുണ്ടെങ്കിൽ കണ്ടെത്താൻ സഹായിക്കുന്ന റഡാറിന്റെ സഹായവുമുണ്ടായിരുന്നു. ആറ് മീറ്റർ ആഴത്തിൽ വരെ സിഗ്‌നൽ സംവിധാനമെത്തുന്ന റഡാറുകളാണ് തെരച്ചിൽ നടത്തിയത്. ഇതിനായി ചെന്നൈയിൽ നിന്നുള്ള നാലംഗ സംഘമെത്തിയിരുന്നു.
ഇന്നലെ മഴ പെയ്തത് തെരച്ചിൽ ജോലികൾക്ക് നേരിയ ബുദ്ധിമുട്ടുണ്ടാക്കി. കാലാവസ്ഥ മോശമായതിനാൽ നായ്ക്കളെ ഉപയോഗിച്ചുള്ള തെരച്ചിൽ താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ അനുകൂല കാലാവസ്ഥയാണെങ്കിൽ ഡോഗ് സ്‌ക്വാഡും തെരച്ചിലിൽ സജീവമാകും. ഡീൻ കുര്യാക്കോസ് എം.പി, എസ്. രാജേന്ദ്രൻ എം.എൽ.എ എന്നിവരാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്.
എൻ.ഡി.ആർ.എഫ്, ഫയർഫോഴ്‌സ്, പൊലീസ്, വനം വകുപ്പ് സേനകളുടെ നേതൃത്വത്തിലാണ് തെരച്ചിൽ തുടരുന്നത്. പ്രദേശവാസികളും സഹായിക്കുന്നുണ്ട്. ദേവികുളം സബ് കളക്ടർ എസ്. പ്രേംകൃഷ്ണ, അസിസ്റ്റന്റ് കളക്ടർ സൂരജ് ഷാജി, ദേവികുളം തഹസിൽദാർ ജിജി കുന്നപ്പള്ളി എന്നിവരാണ് തെരച്ചിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.