കുമളി :സമഗ്ര മാലിന്യ പരിപാലനത്തിൽ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള വിവിധ ഘടകങ്ങൾ പൂർത്തിയാക്കി കുമളി പഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ പദവി കൈവരിച്ചു. സമഗ്ര മാലിന്യപരിപാലനവുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദ്ദേശങ്ങളിലെ ഘടകങ്ങളായ ഹരിത കർമ്മസേന രൂപീകരണം, വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള അജൈവ മാലിന്യ ശേഖരണം, ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുന്നതിനുന്നതിനുള്ള സംവിധാനങ്ങൾ, വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും യൂസർ ഫീ ഈടാക്കുന്നതിന്റെ തോത്, എം സി എഫ്, മിനി എം സി എഫ്, ആർ ആർ എഫ് ഇവയുടെ ലഭ്യത,ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കൽ,പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പാക്കൽ, ബദൽ ഉല്പന്നങ്ങളുടെ വിതരണം,ബോധവൽക്കരണ പരിപാടികൾ, മാലിന്യനിർമ്മാർജ്ജന നിയമങ്ങൾ നടപ്പിലാക്കുന്നതിന് സ്വീകരിച്ച നിയമനടപടികൾ, പിഴ ഈടാക്കൽ, ജലാശങ്ങളും തോടുകളും മാലിന്യമുക്തമായി സംരക്ഷിക്കൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കിയത് വിലയിരുത്തിയാണ് ശുചിത്വ പദവി പ്രഖ്യാപനം നടത്തിയത്.കുമളി ഗ്രാമ പഞ്ചായത്ത് പ്രിയ ദർശിനി ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഷീബാ സുരേഷ് ശുചിത്വ പദവി പ്രഖ്യാപനം നടത്തി. യോഗത്തിൽ വൈസ് പ്രസിഡന്റ് സൺസി മാത്യു, ക്ഷേമകാര്യ ചെയർമാൻ ഹൈദ്രോസ് മീരാൻ തുടങ്ങിയവർ പങ്കെടുത്തു.