തൊടുപുഴ: ഓണക്കാലത്ത് വിപണിയിൽ ഉണ്ടാവാൻ സാദ്ധ്യതയുള്ള മായം ചേർക്കൽ തടയാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക ഓണം സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധന ഈരംഭിച്ചു. പരിശോധന സെപ്തംബർ അഞ്ച് വരെയുണ്ടാവും. പലചരക്കു കടകൾ, മൊത്തവിതരണ കേന്ദ്രങ്ങൾ, ബേക്കറി എന്നിവിടങ്ങളിൽ ഓണവിപണി ലക്ഷ്യമിട്ടു വിൽപ്പനക്കെത്തിക്കുന്ന ശർക്കര, വെളിച്ചെണ്ണ, ഭക്ഷ്യ എണ്ണകൾ, പായസം മിക്‌സ്, പപ്പടം, നെയ്യ്, പഴം, പച്ചക്കറികൾ, പയറ്, പരിപ്പ്, അരി എന്നിവ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധനകളോടൊപ്പം ലേബൽ വിവരങ്ങൾ പൂർണമായിട്ടല്ലാതെ വില്പനയ്ക്ക് വെച്ചിരിക്കുന്ന ഭക്ഷ്യ വസ്തുക്കളും പരിശോധനക്ക് വിധേയമാക്കും.
ബേക്കറി ഉത്പ്പന്നങ്ങളുടെ നിർമ്മാണ യൂണിറ്റുകൾ, കാറ്ററിംഗ്യൂണിറ്റുകൾ, പാൽ, ഐസ്‌ക്രീം യൂണിറ്റുകൾ, പപ്പടം, വെളിച്ചെണ്ണ യൂണിറ്റുകൾ തുടങ്ങി എല്ലാ ഭക്ഷ്യ നിർമാണ കേന്ദ്രങ്ങളിലും പ്രത്യേക സ്‌ക്വാഡ് കർശന പരിശോധനകൾ നടത്തും. വൈകുന്നേരം മുതൽ പ്രവർത്തനം ആരംഭിക്കുന്ന തട്ടുകടകൾ, വഴിയോരക്കച്ചവടങ്ങൾ, ഹോട്ടലുകൾ, റസ്റ്റോറന്റ് എന്നിവിടങ്ങളിലും പരിശോധനയുണ്ടാവും. ഇതിന് പുറമെ തമിഴ്‌നാട് അതിർത്തിയിലെ ചെക്ക്‌പോസ്റ്റുകളിലും കർശന പരിശോധക്ക് സംവിധാനമുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന പാൽ, മീൻ, എണ്ണ, പച്ചക്കറികൾ എന്നിവയെ കേന്ദ്രീകരിച്ചാണ് അന്തർ സംസ്ഥാന ചെക്ക് പോസ്റ്റുകളായ കുമളിയിലും, കമ്പംമെട്ടിലും ക്ഷീര വികസന വകുപ്പുമായി ചേർന്നാണ് പരിശോധന. ഗുണനിലവാരമില്ലാത്തതും മായം കലർന്നതുമായ പാൽ കേരളത്തിലേക്ക് എത്തിക്കാതിരിക്കാൻ പ്രത്യേകം തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. ഓണത്തിന് താൽക്കാലിക സ്റ്റാളുകൾ നടത്തുവാൻ ഉദ്ദേശിക്കുന്നവർ ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷൻ / ലൈസൻസ് എടുക്കണം. ഭക്ഷ്യ സുരക്ഷാ ലൈസൻസ് / രജിസ്‌ട്രേഷൻ എന്നിവയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും ഇക്കാലയളവിൽ കർശന നടപടികളെയുക്കും.
പരാതികൾക്കും സംശയങ്ങൾക്കും ബന്ധപ്പെടാനായി ഓരോ സർക്കിളുകളിലെയും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ നമ്പരുകൾ ചുവടെ ചേർക്കുന്നു.
അസി.കമ്മീഷണർ: 8943346186.
1. തൊടുപുഴ 8943346544 2.

പീരുമേട് 8943346545.3.

ദേവികുളം 89433465464.

ഉടുമ്പൻചോല 75938733045.

ഇടുക്കി 7593873302.

ടോൾഫ്രീ നമ്പർ: 18004251125

61 സ്ഥാപനത്തിൽ

പരിശോധന നടത്തി
സ്‌ക്വാഡിന്റെ നേതൃത്വത്തിൽ ആദ്യ രണ്ട് ദിവസം 61 സ്ഥാപനത്തിൽ പരിശോധന നടത്തി. എട്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കാലഹരണപ്പെട്ട തിയതിക്ക് ശേഷം ഭക്ഷ്യ വസ്ഥുക്കൾ വിറ്റതിന് രാജകുമാരിയിൽ ഒരു സ്ഥാപനത്തിനെതിരെ കേസ് ഫയൽ ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. ഇവിടെ നിന്നും 52 പാക്കറ്റ് ഭക്ഷ്യ വസ്ഥുക്കളും എട്ട് കിലോ പഴകിയ മത്സ്യവും പിടികൂടി നശിപ്പിച്ചു.