ഞായറാഴ്ച ഭൂരിഭാഗം സെന്ററുകളിലും സ്രവമെടുത്തില്ല


തൊടുപുഴ: മറ്റ് ജില്ലകളിലെല്ലാം കൃത്യമായി കൊവിഡ് പരിശോധന നടക്കുമ്പോൾ ഇടുക്കിയിൽ ഇപ്പോഴും കാര്യങ്ങൾക്ക് മാറ്റമില്ല. ഇന്നലെ ജില്ലയിലാകെ അഞ്ച് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സാധാരണ കോട്ടയം തലപ്പാടിയിലെ ലാബ് തിങ്കളാഴ്ച അവധിയായതിനാൽ ചൊവ്വാഴ്ച പരിശോധന ഫലം കുറയാറുണ്ട്. എന്നാൽ അഞ്ച് പേർക്ക് മാത്രം രോഗം സ്ഥിരീകരിച്ചതിന് കാരണം ഞായറാഴ്ച പലയിടത്തും സ്രവമെടുക്കാത്തതിനാലാണ്. ഞായറാഴ്ചയെടുത്ത സ്രവങ്ങളുടെ പരിശോധനാ ഫലമാണ് ഇന്നലെ വന്നത്. അവധി ദിവസമായതിനാൽ ഭൂരിഭാഗം സെന്ററുകളിലും ഞായറാഴ്ച പ്രവർത്തിച്ചില്ല. ഇതാണ് ഫലം കുറയാൻ ഇടയാക്കിയത്. ഇടുക്കിയിൽ ആരംഭിച്ച ലാബ് ഇതുവരെ പൂർണമായും പ്രവർത്തന സജ്ജമായിട്ടില്ല. നൂറു പേരുടെ വരെ സ്രവം ഒരു ദിവസം പരിശോധിക്കാൻ കഴിയുന്ന ലാബിൽ തിങ്കളാഴ്ച 18 എണ്ണമാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിന്റെ ഫലം ഇന്ന് വരും. ഇതിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് അനൗദ്യോഗിക വിവരം. ലാബ് പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ ജില്ലയിലെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്.