raju
രാജു സി ഗോപാലും ഭാര്യ കെ ആർ അജിതകുമാരി ടീച്ചറും

തൊടുപുഴ: കുടയത്തൂർ കോളപ്ര ചെളിക്കണ്ടത്തിൽ റിട്ട ഹെഡ്മാസ്റ്റർ രാജു സി ഗോപാലും ഭാര്യ കെ ആർ അജിതകുമാരി ടീച്ചറും സ്വന്തമായിട്ടുണ്ടായിരുന്ന മൂന്നേക്കർ സ്ഥലത്തെ റബർ മരം മുഴുവൻ മുറിച്ച് മാറ്റിയപ്പോൾ ആരും അതത്ര കാര്യമാക്കിയില്ല. റബ്ബർഷീറ്റ് വില നന്നേ കുറഞ്ഞിരുന്നു, മാത്രമല്ല ഏതാനും വർഷങ്ങൾ കഴിഞ്ഞാൽ മരം മുറിക്കാനുള്ള പാകം ആകുമായിരുന്നു. കൂടാതെ മുറിച്ച് മാറ്റിയ റബർ മരത്തിന് പകരം പുതിയ റബർ തൈ നടും എന്നും ഏവരും കരുതി. എന്നാൽ മുഴുവൻ സ്ഥലത്തും റംബുട്ടാൻ തൈകൾ നട്ടപ്പോൾ പ്രദേശ വാസികൾക്ക് അദ്ഭുതം . റബർ തൈക്ക് പകരം ജാതി തൈ നടാനാണ് ആദ്യം തീരുമാനിച്ചത്. ഇതിന് വേണ്ടി പറമ്പിൽ കുറ്റിയും അടിച്ചിരുന്നു. എന്നാൽ ജാതി കൃഷി പ്രയോഗികമാകില്ല എന്ന് ബന്ധുവായ അനിയന്റെ ഉപദേശ പ്രകാരം അത് ഉപേക്ഷിച്ചു. ഇതിനിടയിൽ സുഹൃത്തായ വനം വകുപ്പ് ഉദ്യോഗസ്ഥൻ നൽകിയ ഒരു റംബുട്ടാൻ തൈ വീടിന് സമീപം നടുകയും മൂന്നാം വർഷം കായ്ക്കുകയും ചെയ്തിരുന്നു. റോഡരികിലുള്ള വീടിന് സമീപം ചുവന്ന നിറത്തിൽ കായ്ച്ച് നിൽക്കുന്ന റംബുട്ടാൻ പഴം വിലയ്ക്ക് വാങ്ങാൻ കച്ചവടക്കാർ എത്തിയപ്പോഴാണ് ഇതിന്റെ ഡിമാന്റ് തിരിച്ചറിയുന്നത്. പിന്നീട് ഒന്നും ആലോചിക്കാതെ റബർ മരം മുറിച്ച് മാറ്റിയ മൂന്നേക്കറിൽ മുഴുവനായും റംബുട്ടാൻ തൈ നട്ടു. ഒരു മരത്തിൽ നിന്ന് ഏകദേശം 60 കിലോ പഴമാണ് കിട്ടിയത്. 2017 മുതൽ ഓരോ വർഷവും 13 - 14 ലക്ഷം രൂപയുടെ വ്യാപാരമാണ് മൂന്നേക്കറിൽ നിന്ന് ലഭിക്കുന്നത്. പുതിയ പരീക്ഷണം ഹിറ്റും സൂപ്പർ ഹിറ്റും കടന്ന് മെഗാ ഹിറ്റായതോടെ വീടിന് അടുത്ത് മറ്റൊരു മൂന്നേക്കർ സ്ഥലവും വാങ്ങി അവിടെയും റംബുട്ടാൻ കൃഷി ആരംഭിച്ചു. കൂവപ്പള്ളി സി എം എസ് ഹൈസ്ക്കൂളിൽ നിന്ന് ഹെഡ്മാസ്റ്ററായി റിട്ടയറായ രാജു വും ഇതേ സ്കൂളിൽ നിന്ന് അദ്ധ്യാപികയായി റിട്ടയറായ ഭാര്യ കെ ആർ അജിത കുമാരിയുടെയും പ്രവർത്തനങ്ങൾക്ക് ആയുർവേദ ഡോക്ടറായ മകൾ നീതു രാജും ഐ ടി പ്രൊഫഷണലായ മരുമകൻ മിഥുനും സഹായമായി എപ്പോഴും കൂടെയുള്ളത് ഇരുവരുടെയും പ്രവർത്തനങ്ങൾ കൂടുതൽ മനോഹരമാക്കുന്നു.

വിവരങ്ങൾ അറിയാനുള്ളവരുടെ തിരക്ക്.......

വിജയിച്ച കൃഷിയെ അറിയാൻ അനേകം ആളുകളാണ് ഇവരെ സമീപിക്കുന്നത്. എന്നാൽ കച്ചവടപരമായ ഒരു സ്വാർത്ഥതയും ഇല്ലാതെ ഏവർക്കും ആവശ്യമായ വിവരങ്ങൾ നൽകുന്ന കാര്യത്തിൽ ഇരുവരും എപ്പോഴും ഒരു അധ്യാപകരെപ്പോലെയാണ്.

ഏറെ ഇഷ്ടത്തോടെ പശു വളർത്തലും....

പശു വളർത്തലിലും ഏറെ സന്തോഷം കണ്ടെത്തുന്നതിനാൽ വീടിനടുത്ത് പശുക്കളേയും വളർത്തുന്നു. വെച്ചൂർ പശു - മൂന്ന്, കാസർകോട് കുള്ളൻ - 2, പൊങ്കനൂർ - 2 എന്നിങ്ങനെയാണ് ഇവർക്കുള്ള പശുക്കൾ. പശുക്കളിൽ നിന്നുള്ള ചാണക വളമാണ് പ്രധാനമായും റംബുട്ടാൻ കൃഷിക്ക് ഇവർ ഉപയോഗിക്കുന്നതും.

"കീടനാശികളോ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വസ്തുവകകളോ പഴത്തിന്റെ കഴിക്കുന്ന ഭാഗത്തേക്ക്‌ കടന്ന് ചെല്ലുന്നില്ല; എന്നതിനാൽ ഇത് നൂറ് ശതമാനം വിശ്വസത്തോടെ ഉപയോഗിക്കാം. കൊവിഡ് വ്യാപനത്തെ തുടർന്ന് നാട്ടിൽ എത്തിയ പ്രവാസികൾക്ക് ഈ രംഗത്തെക്ക് ധൈര്യമായി കടന്ന് വരാം."

രാജു സി ഗോപാൽ