മൂന്നാർ: എങ്ങും പോകാനാകാതെ വീട്ടിനുള്ളിൽ അടച്ചു പൂട്ടിയിരുന്ന് മടുത്ത സഞ്ചാരികൾക്കെല്ലാം ഇതാ ഒരു സന്തോഷ വാർത്ത. ലോക്ക് ഡൗണിനെ തുടർന്നു നിറുത്തി വച്ചിരുന്ന ഇക്കോ ടൂറിസം മൂന്നാര്‍ വന്യജീവി ഡിവിഷനില്‍ പുനരാരംഭിച്ചു. കർശന കൊവിഡ് നിയന്ത്രണങ്ങളോടെയാകും പ്രവേശനം. പ്രവേശനകവാടമായ അഞ്ചാംമൈലിൽ വെച്ച് സഞ്ചാരികളുടെ താപനില പരിശോധിക്കും. 10 വയസിൽ താഴെയുള്ള കുട്ടികൾക്കും 65 വയസിന് മുകളിലുള്ളവർക്കും പ്രവേശനമില്ല. രാവിലെ എട്ട് മുതൽ മൂന്ന് വരെയാണ് പ്രവേശന സമയം. വനംവകുപ്പിൻ്റെ വാഹനങ്ങളിൽ 15 പേർക്ക് യാത്ര ചെയ്യാം. ഭക്ഷണശാലകളിലും എക്കോ ഷോപ്പുകളിലും ഒരെ സമയം അഞ്ച് പേർക്ക് കയറാം. പാഴ്സൽ സർവീസ് മാത്രമാണുണ്ടാകുക. കൊവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന അധികം ചെലവുകള്‍ കണക്കാക്കി ഇക്കാലയളവില്‍ ടിക്കറ്റ് നിരക്കില്‍ നേരിയ വര്‍ദ്ധന ഉണ്ടായിരിക്കും. മാർച്ച് 10നാണ് എക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചത്. ഇതെ തുടർന്ന് സംസ്ഥാത്തെമ്പാടുമുള്ള ജീവനക്കാരുടെ സംരക്ഷണ ചുമതല വനം വകുപ്പിന് ബാദ്ധ്യയതയായി മാറിയിരുന്നു. ആദ്യഘട്ടത്തിൽ ഓൺലൈൻ വഴി മാത്രമാകും ടിക്കറ്റ് വിൽപ്പന. കൂടുതല്‍ വിവരങ്ങള്‍ക്ക് www.munnarwildlife.com