കട്ടപ്പന: ഇരുചക്രവാഹനത്തിൽ ഒളിപ്പിച്ച ഒരുകിലോ 400 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ഒരാൾ ഓടി രക്ഷപെട്ടു. ജില്ലാ നാർക്കോട്ടിക് സ്‌ക്വാഡും ഉടുമ്പൻചോല പൊലീസും ചേർന്ന് ഉടുമ്പൻചോലയ്ക്ക് സമീപം നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി യുവാവ് പിടിയിലായത്. മുനിയറ കുളങ്ങര സായുജ്(23) അണ് അറസ്റ്റിലായത്. സ്‌കൂട്ടിയിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സ്‌കൂട്ടിയിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവാണ് പൊലീസിനെ കണ്ട് ഓടി രക്ഷപെട്ടത്. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു. വിദ്യാർഥികൾക്ക് കഞ്ചാവ് ചില്ലറ വിൽപന നടത്തുന്ന സംഘത്തിൽ പെട്ടവരാണ് ഇവരെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. രാജാക്കാട് സ്വദേശിയാണ് പ്രതിക്ക് കഞ്ചാവ് കൈമാറ്റം ചെയ്തത്. ഇയാളെ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി. നാർക്കോട്ടിക് ഡിവൈഎസ്പി അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ, ഉടുമ്പൻചോല സിഐ ഷൈൻ കുമാർ, ഉദ്യോഗസ്ഥരായ സി.ടി ജോഷി, കെ മഹേഷ്, എം.പി അനുപ്, ടോം സ്‌കറിയ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് വിൽപ്പന സംഘാംഗത്തെ കുടുക്കിയത്.