പ്രതികളിലൊരാൾ വീണു പരിക്കേറ്റു
കട്ടപ്പന: ഓട്ടം വിളിച്ചുകൊണ്ടുപോയവർ ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച് പരിക്കേൽപ്പിച്ചു. കട്ടപ്പന ഐ.ടി.ഐ. ജംഗ്ഷനിലെ ഓട്ടോറിക്ഷ ഡ്രൈവർ വലിയകണ്ടം ചൂടുവേലിൽ ബൈജു(40)വി നാണ് മർദനമേറ്റത്. സംഭവത്തിൽ മുളകരമേട് സ്വദേശികളായ സാജൻ(24), വിശാഖ്(25) എന്നിവർക്കെതിരെ കട്ടപ്പന പൊലീസ് കേസെടുത്തു. അയൽവാസിയുമായുള്ള തർക്കമാണ് ആക്രമണത്തിനു പിന്നിലെന്നു ബൈജു പറയുന്നു. ബുധനാഴ്ച വൈകിട്ട് കല്യാണത്തണ്ടിലേക്ക് ഓട്ടം വിളിച്ചുകൊണ്ടുപോയ ഇരുവരും ആളൊഴിഞ്ഞ സ്ഥലത്ത് ബൈജുവിനെ മർദിക്കുകയായിരുന്നു. എന്നാൽ വണ്ടിക്കൂലിയെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നു പൊലീസ് പറയുന്നു. ഇതിനിടെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വിശാഖിന് വീണു പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
റേഷൻ കട സസ്‌പെൻഡ് ചെയ്തു
തൊടുപുഴ: ബില്ലടിച്ചിട്ടും കാർഡുടമകൾക്ക് നൽകാതെ അരി വെട്ടിപ്പു നടത്തിയതിന്റെ പേരിൽ റേഷൻ കട സസ്‌പെൻഡ് ചെയ്തു. പാറപ്പുഴ ഇല്ലിച്ചുവട്ടിൽ പ്രവർത്തിക്കുന്ന സി.എൻ. ബേബിയുടെ ലൈസൻസിയിലുള്ള 88ാം നമ്പർ എ.ആർ.ഡി നമ്പർ റേഷൻ കടയാണ് താലൂക്ക് സപ്ലൈ ഓഫീസർ വി.ആർ. ഷാജി സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ കടയിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 550 കിലോ അരി കണ്ടെത്തിയിരുന്നു. ഇത് ബില്ല് അടിച്ചതിനു ശേഷം കാർഡ് ഉടമകൾക്ക് നൽകാതിരുന്ന അരിയാണെന്ന് പരിശോധനയിൽ വ്യക്തമായതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇവിടത്തെ കാർഡ് ഉടമകളെ താത്കാലികമായി കോടിക്കുളത്തെ റേഷൻ കടയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.
ലൈസൻസിന് കൈക്കൂലി :
പഞ്ചായത്ത് സെക്രട്ടറിക്ക് സസ്പെൻഷൻ
കട്ടപ്പന: ലൈസൻസ് നൽകാൻ 'പടി' ആവശ്യപ്പെട്ട അയ്യപ്പൻകോവിൽ പഞ്ചായത്ത് സെക്രട്ടറി കെ.ടി. മാത്യുവിനെ സസ്പെൻഡ് ചെയ്തു. ഇടുക്കി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഡയറക്ടർ ഡോ. പി.കെ. ജയശ്രീയാണ് നടപടിയെടുത്തത്. മേരികുളത്തെ സിമന്റ് നിർമാണ യൂണിറ്റിനു ലൈസൻസ് നൽകാൻ പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി ആവശ്യപ്പെട്ടതായി ഡയറക്ടർക്ക് പരാതി ലഭിച്ചിരുന്നു. കൈക്കൂലി ആവശ്യപ്പെട്ടുള്ള ഉദ്യോഗസ്ഥന്റെ ടെലഫോൺ സംഭാഷണവും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഡെപ്യൂട്ടി ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ കെട്ടിട നമ്പർ നൽകുന്നതിൽ കാലതാമസം വരുത്തിയതായും അപേക്ഷ ലഭിച്ച് ഒരുമാസത്തിനകം തീർപ്പുകൽപിക്കുന്നതിൽ വീഴ്ച വരുത്തിയതായും കണ്ടെത്തി.
ഐക്യദാർഢ്യദിനം
അടിമാലി: കൽക്കരിഖനികളുടെ വിൽപ്പനനിക്കം അവസാനിപ്പിക്കുക .ലോക് ഡൗൺ കാലഘട്ടത്തിൽതൊഴിൽനഷ്ട പെട്ടവർക്ക് 75000രൂപ ധനസഹായം നൽകുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് കെട്ടിട നിർമാണ തെഴിലാളി ആന്റ് മണൽ തെഴിലാളിയൂണിയൻ എച്ച്.എം.എസ്. നേതൃത്വത്തിൽ അടിമാലിയിൽ തൊഴിലാളി ഐക്യദാർഢ്യദിനം ആചരിച്ചു. സി എം പി സംസ്ഥന സെക്രട്ടറിയേറ്റ് അംഗം കെ.എ കുര്യൻ ഉദ്ഘാടനം ചെയ്തു യൂണിയൻ നേതാക്കളായ പികെ.രാജേഷ് കെ.ജി പ്രസന്നകുമാർ.പി.ബി ഷംസുദിൻ ശിവൻ രാമൻ കുതിര അള തുടങ്ങിയവർ പ്രസംഗിച്ചു.