ചെറുതോണി:ഡബിൾ കട്ടിംഗ് കുമ്പിടി കവല ബൈപാസ് റോഡ് പൂർണമായും തകർന്നു. കാലവർഷക്കെടുതിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് തകർന്നതോടെ ഇതുവഴിയുള്ള യാത്രഏറെ ദുരിതത്തിലായി.
നാരകക്കാനം കുമ്പിടി കവലയിൽ നിന്നും ആരംഭിച്ച് കല്യാണത്തണ്ട് മേട് വഴി ഡബിൾ കട്ടിംഗ് വരെ എത്തുന്ന റോഡാണ് തകർന്ന് യാത്രാ ദുരിതമായിരിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആയി പൊളിഞ്ഞു കിടക്കുന്ന റോഡ് 2018 ലെ പ്രളയത്തെ തുടർന്നാണ് പൂർണ്ണമായും തകർന്നത്.കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞതോടെ കാൽനടയാത്ര പോലും സാദ്ധ്യമാവാത്ത സ്ഥിതിയിലായി. എന്നാൽ റോഡ് നന്നാക്കുന്നതിന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മരിയാപുരം പഞ്ചായത്ത് ആറാം വാർഡ് ഉൾപ്പെടുന്ന ഭാഗത്ത് കൂടിയാണ് ആണ് ഈ റോഡ് കടന്നു പോകുന്നത്.
117 കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. കുമ്പിടി കവലയിലെ യാക്കോബായ പള്ളിയുടെ മുൻഭാഗത്താണ് റോഡ് ഏറ്റവും കൂടുതൽ തകർന്നു കിടക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി സ്ഥിരമായി മണ്ണിടിച്ചിൽ നടക്കുന്ന ഈ പ്രദേശത്ത് റോഡിന്റെ സംരക്ഷണത്തിനായി യാതൊരു വിധ നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല .