മൂന്നാർ: മകളോ സഹോദരിയോ അല്ല, എന്നിട്ടും മരണത്തിലും ലക്ഷണശ്രീയെ അഞ്ജുമോൾ മാറിൽ ചേർത്തുപിടിച്ചിരുന്നു. പെട്ടിമുടി ദുരന്തഭൂമിയിൽ, കെട്ടിപ്പിടിച്ച് ഉറങ്ങുമ്പോൾ മണ്ണിനടിയിൽ അകപ്പെട്ട അമ്മയും മകളും എന്നു തോന്നിപ്പിക്കുന്ന ആ ചിത്രം വാട്സാപ്പിൽ പ്രചരിച്ചു. അതിന്റെ പിന്നാമ്പുറങ്ങളിലേക്കു നടത്തിയ അന്വേഷണമാണ് ഈ അപൂർവ സ്നേഹ ബന്ധത്തിന്റെ കഥ തുറന്നത്.
22 കാരിയായ അഞ്ജുമോൾക്ക് ഏഴുവയസുകാരി ലക്ഷണശ്രീ എല്ലാമായിരുന്നു. ലക്ഷണയ്ക്കാകട്ടെ അഞ്ജു അമ്മയും സഹോദരിയും കൂട്ടുകാരിയുമൊക്കെയാണ്. ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ട അഞ്ജുമോൾ അമ്മൂമ്മ ചന്ദ്രയുടെ കൂടെ പെട്ടിമുടിയിലെ പത്തുമുറി ലയത്തിലെ ഏഴാം നമ്പർ വീട്ടിലാണ് താമസിച്ചിരുന്നത്. ലക്ഷണ തൊട്ടടുത്ത ആറുമുറി ലയത്തിൽ നാലാം നമ്പർ വീട്ടിലെ രാജയുടെയും ശോഭനയുടെയും ഏകമകൾ. ലക്ഷണയ്ക്കൊപ്പം അഞ്ജുവിനെയും അവർ മകളായാണ് കണ്ടിരുന്നത്. ലക്ഷണയുടെ ചെറുപ്പംമുതൽ അഞ്ജുവുമായി ആത്മബന്ധമുണ്ടായിരുന്നു. പാലക്കാട് ചിറ്റൂർ കോളേജിൽ നിന്ന് ബി.എ തമിഴ് പഠിച്ചിറങ്ങിയ അഞ്ജു അടിമാലി എസ്.എൻ.ഡി.പി ബി.എഡ് കോളേജിൽ അഡ്മിഷൻ എടുത്ത് കാത്തിരിക്കുകയായിരുന്നു. കൊവിഡ് കാരണം ക്ലാസുകൾ ആരംഭിക്കാത്തതിനാൽ അഞ്ജു പെട്ടിമുടിയിലുണ്ടായിരുന്നു. സ്കൂളില്ലാത്തതിനാൽ ലക്ഷണയും കൂടെയുണ്ടാകും. രാജമലയിലെ തമിഴ് മീഡിയത്തിൽ ഒന്നാം ക്ലാസുകാരിയായ ലക്ഷണയ്ക്ക് പാഠഭാഗങ്ങൾ പറഞ്ഞുനൽകുന്നതും അഞ്ജു ആയിരുന്നു. അതിനാൽ അവൾക്കൊപ്പമാണ് ലക്ഷണ പല ദിനങ്ങളിലും ഉറങ്ങിയിരുന്നത്. അത്തരത്തിൽ ഒന്നിച്ചുറങ്ങിയ ആ ദിനത്തിലാണ് ദുരന്തമെത്തിയത്. ലക്ഷണയുടെ മാതാപിതാക്കളായ രാജയും ശോഭനയും ദുരന്തത്തിൽ മരിച്ചു. കൂടപ്പിറപ്പുകളെപ്പോലെ കഴിഞ്ഞിരുന്ന അവരാരും ഇനി പെട്ടിമുടയിൽ അവശേഷിക്കുന്നില്ല. ജില്ലാ പൊലീസ് മേധാവിയുടെ ലെയ്സൺ അസിസ്റ്റന്റും സീനിയർ പൊലീസ് ഓഫീസറുമായ വി. എം. മധുസൂദനൻ വാട്സാപ്പിൽ ലഭിച്ച ചിത്രത്തിന്റെ പിന്നാലെ നടത്തിയ അന്വേഷണമാണ് ഈ ആത്മബന്ധത്തിന്റെ ചുരുൾ നിവർത്തിയത്.