തൊടുപുഴ: ഇക്കോ- സെൻസിറ്റീവ് സോൺ നിജപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കരടു വിജ്ഞാപനം പുറപ്പെടുവിച്ചതിൽ കർഷക താൽപ്പര്യം നോക്കാത്തത് പ്രതിഷേധാർഹമെന്ന് ഡീൻ കുര്യാക്കോസ് എം.പി. 24 ചതുരശ്രകി.മീ കൃഷി ഭൂമി ഇക്കോ സെൻസിറ്റിവ് സോൺ ആയി പ്രഖ്യാപിച്ചാൽ ഫലത്തിൽ പട്ടയഭൂമിയിൽ നിന്നും കുടിയിറക്കുന്നതിന് തുല്യമാണ്. പല തരത്തിൽ വന്യമൃഗങ്ങളുടെ ശല്യം നേരിടുന്ന കൃഷിക്കാരെ സംരക്ഷിക്കുന്നതിനു പകരം, കനത്ത പ്രഹരമാണ് ശുപാർശയിലുണ്ടാകുന്നത്. 60 ദിവസത്തിനകം സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഭേദഗതി നിർദ്ദേശിക്കണം. അതിനു മുന്നോടിയായി മേഖലയിലെ ജനപ്രതിനിധികളുടേയും കക്ഷി നേതാക്കളുടെയും യോഗം വിളിച്ച് വിഷയം ചർച്ച ചെയ്യുകയും, സമഗ്രമായ നിർദ്ദേശങ്ങൾ തീരുമാനിക്കുകയും വേണം. എം.പി എന്ന നിലയിൽ വനം പരിസ്ഥിതി മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്യുകയും, പ്രത്യേക നിവേദനം നൽകുകയും ചെയ്യും. വേണ്ടിവന്നാൽ നിയമപരമായി ചോദ്യം ചെയ്യേണ്ടതിന്റെ സാധ്യതകൾ ആരായുമെന്നും അദ്ദേഹം പറഞ്ഞു.