ചെറുതോണി: സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ, യൂണിറ്റ് ഭാരവാഹികൾ വീടുകളിൽ ഉപവാസസമരം നടത്തി. കേന്ദ്രസർക്കാർ വയോജന പെൻഷൻ 200 രൂപയിൽ നിന്ന് 5000 രൂപയായി വർദ്ധിപ്പിക്കുക, ദേശീയ വയോജനനയം പ്രഖ്യാപിക്കുക, ദേശീയ വയോജന കൗൺസിൽ രൂപീകരിക്കുക, വയോജനങ്ങൾക്ക് ട്രെയിൻ ചാർജ് 50 ശതമാനമാക്കുക, മെയിന്റ്‌നൻസ് ട്രിബ്യൂണൽ പ്രവർത്തനം ശക്തമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉയർത്തിയത്. കോവിഡ് കാലത്ത് മുതിർന്ന പൗരൻമാർക്ക് ജീവിതം നിലനിർത്താനുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ കേന്ദ്രസർക്കാരിന്റെ നടപടികളുണ്ടാകണമെന്ന് ജില്ലാ പ്രസിഡന്റ് കെ.ആർ ജനാർദ്ദനനും സെക്രട്ടറി എ.ജെ. ശശിധരനും അഭ്യർത്ഥിച്ചു.