മലങ്കര: കാട് റോഡിലേക്ക് വളർന്നിറങ്ങുന്നത് അപകട ഭീഷണിയാവുന്നു. മലങ്കര പെരുമറ്റം മുസ്ലിം പള്ളിക്ക് സമീപം റോഡിന് വീതി കൂട്ടിയ ഭാഗത്താണ് അപകടകരമായ രീതിയിൽ കാട് റോഡിലേക്ക് വളർന്നിരിക്കുന്നത്. റോഡിന്റെ രണ്ട് വശങ്ങളിൽ നിന്ന് വരുന്ന വാഹന ഡ്രൈവർമാർക്ക് തൊട്ടടുത്തെത്തിയാൽ പോലും റോഡിലെ കാഴ്ച്ച മറയുന്ന രീതിയിലാണ് കാട് വളർന്നിരിക്കുന്നത്. രണ്ടര മീറ്ററോളം വീതിയിലാണ് റോഡിന്റെ വശത്ത് നിന്ന് കാട് വളർന്നിരിക്കുന്നത്. തൊടുപുഴ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ റോഡിന് നടുക്കുള്ള വെള്ള വരക്കിപ്പുറം കടന്നാണ് മുട്ടം ഭാഗത്തേക്ക് പോകുന്നതും. വളവും ചെറിയ കയറ്റവും ആയതിനാൽ ഇത് വഴി കടന്ന് വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത ഏറെയാണ്. വീതി കുറവായതിനെ തുടർന്ന് ഇവിടെ വാഹനാപകടങ്ങൾ പതിവായിരുന്നു. ഇതേ തുടർന്ന് ഏതാനും വർഷങ്ങൾക്ക് മുൻപ് റോഡിനോട് ചേർന്നുള്ള പുഴയുടെ തീരം മണ്ണിട്ട് നികത്തി വീതി കൂട്ടിയിരുന്നു. റവന്യു - പൊതു മരാമത്ത് - ദേശിയ പാത -പൊലീസ് - റോഡ് സുരക്ഷ തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ നിത്യവും കടന്ന് പോകുന്ന റോഡരുകിലെ അപകടാവസ്ഥ ആരുടെയും കണ്ണിൽ പ്പെടുന്നുമില്ല.