തൊടുപുഴ : കൈവശാവകാശ സർട്ടിഫിക്കറ്റിൽ ഭൂമിയുടെ സ്വഭാവം വ്യക്തമായി രേഖപ്പെടുത്തണമെന്ന് നിർദ്ദേശിച്ച് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ജില്ലാകളക്ടർമാർക്ക് അയച്ച കത്ത് ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന സർവ്വകക്ഷി യോഗ തീരുമാനം അട്ടിമറിക്കാനാണെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകൻ പറഞ്ഞു.

1964-ലെ ഭൂമി പതിവ് ചട്ടങ്ങൾ നിലവിൽ വന്ന കാലഘട്ടത്തിലെ സ്ഥിതി വിശേഷം പാടെ മാറിയിരിക്കുന്നു. ചട്ടങ്ങൾ പ്രകാരം പട്ടയം നൽകിയ വസ്തുക്കളിൽ റോഡുകളും പാലങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, ദേവാലയങ്ങളും, ആശുപത്രികളും, സിനിമ തീയേറ്ററുകളും, വ്യാപാര സമുച്ചയങ്ങളും, സ്റ്റേഡിയങ്ങളും മറ്റും അടക്കം നിരവധിയായ ഇതര നിർമ്മാണ പ്രവർത്തികൾ നടത്തിയിട്ടുണ്ട്. കൃഷി ചെയ്യാനും വീടു വയ്ക്കാനും മാത്രമായി പട്ടയ ഭൂമിയുടെ ഉപയോഗം നിജപ്പെടുത്താനാവില്ല. മാറിയ സാഹചര്യങ്ങളിൽ ചട്ടങ്ങൾ ഭേദഗതി ചെയ്യേണ്ടത് അനിവാര്യമാണ്. ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന സർവ്വകക്ഷിയോഗ തീരുമാനം കോടതി ഉത്തരവിന്റെ മറവിൽ അട്ടിമറിച്ച സംസ്ഥാന സർക്കാർ ജനങ്ങളെയാകെ വഞ്ചിച്ചിരിക്കുകയാണെന്നും യു ഡി എഫ് ജില്ലാ ചെയർമാൻ പറഞ്ഞു.