kuvi
കുവിയെ ഓമനിക്കുന്ന സിവിൽ പൊലീസ് ഓഫീസർ അജിത് മാധവൻ

തൊടുപുഴ: രാജമല ദുരന്തത്തിൽ മരിച്ച രണ്ട് വയസുകാരി ധനുഷ്കയെ കണ്ടെത്തിയ വളർത്തു നായ കുവി ലയത്തിന് പിറകിൽ ഭക്ഷണമൊന്നും കഴിക്കാതെ അവശ നിലയിലായിരുന്നു. അവളെ തേടിയെത്തിയ ഇടുക്കി കെ 9 ഡോഗ് സ്ക്വാഡിലെ പരിശീലകനായ സിവിൽ പൊലീസ് ഓഫീസർ അജിത് മാധവൻ ഭക്ഷണം കൊടുത്തപ്പോൾ കഴിക്കാൻ കൂട്ടാക്കിയില്ല. നായ്ക്കളെ ഏറെ ഇഷ്ടപ്പെടുന്ന അജിത്തിന്റെ സ്നേഹത്തിനുമുന്നിൽ ഒടുവിൽ കുവി വഴങ്ങി. അതിനുശേഷം കുവി അജിത്തിനെ വിട്ടുമാറിയില്ല. ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ അവളെ അവിടെ ഉപേക്ഷിച്ചുപോരാൻ മനസ് അനുവദിച്ചില്ല. ഏറ്റെടുത്ത് വളർത്താൻ തന്നെ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് അജിത് ജില്ലാ കളക്ടറെയും വനസംരക്ഷണ സമിതിയെയും ഡീൻ കുര്യാക്കോസ് എം.പിയെയും സമീപിച്ചു. അനുമതി ലഭിച്ചതിന്റെ സന്തോഷത്തിലാണ് അജിത്. കുവിയെ വീട്ടിൽ കൊണ്ടുപോയി വളർത്താനാണ് ആഗ്രഹിക്കുന്നത്. ഡോഗ് സ്ക്വാഡിലെ ട്രാക്കർ ഡോഗായ സ്റ്റെഫിയുടെ പരിശീലകനാണ് അജിത്. ധനുവിനെ തേടി രാജമലയിലൂടെ അലഞ്ഞുനടന്ന കുവി എട്ടാം ദിവസമാണ് കണ്ടെത്തിയത്. മൃതദേഹത്തിനടുത്തെത്തി നിറുത്താതെ കരയുന്ന കുവിയുടെ ചിത്രം വേദനിപ്പിക്കുന്നതായിരുന്നു. അപകടം നടന്ന പെട്ടിമുടിയിൽ നിന്നു നാലു കിലോമീറ്റർ അകലെയുള്ള ഗ്രാവൽ ബങ്ക് എന്ന സ്ഥലത്താണ് ധനുഷ്കയുടെ മൃതദേഹം കണ്ടത്. ഇവിടെയുള്ള തൂക്കുപാലത്തിനടിയിൽ മരച്ചില്ലകളിൽ തടഞ്ഞ നിലയിലായിരുന്നു. മണം പിടിച്ചെത്തിയ വളർത്തുനായ രാവിലെ മുതൽ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. പുഴയിൽ നോക്കി നിൽക്കുന്ന നായയെ കണ്ട് സംശയം തോന്നിയാണ് ഉദ്യോസ്ഥർ അവിടെ തെരച്ചിൽ നടത്തിയത്. കുവിയെ പോറ്റിവളർത്തിയവരിൽ ധനുഷ്കയുടെ മുത്തശ്ശി കറുപ്പായി മാത്രമാണ് ജീവനോടെയുള്ളത്.