മൂന്നാർ: സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ പെട്ടിമുടിയിലെ ദുരന്തഭൂമി സന്ദർശിച്ചു. ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പു വരുത്തി ഭാവി സംരക്ഷിക്കാൻ ഇടപെടൽ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ കാര്യത്തിൽ കൃത്യമായ ഇടപെടൽ നടത്തും. വിദ്യാഭ്യാസമുൾപ്പെടെയുള്ള കാര്യങ്ങൾ ശരിയാംവിധം നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി അതിനു വേണ്ടുന്ന നടപടി സ്വീകരിക്കും. ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം കൃത്യമായി ലഭ്യമാക്കുന്ന കാര്യത്തിലും പരിശോധന നടത്തുമെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ പറഞ്ഞു. . ദുരന്തത്തിൽ രക്ഷിതാക്കൾ നഷ്ടപ്പെട്ട് മൂന്നാർ കോളനിയിലെ ബന്ധുവീട്ടിൽ താമസിച്ചു വരുന്നരണ്ട് കുട്ടികളെ വീട്ടിലെത്തി നേരിൽ കണ്ട് ആശ്വസിപ്പിച്ചു. കമ്മീഷൻ അംഗം സി വിജയകുമാറും ചെയർമാനൊപ്പമുണ്ടായിരുന്നു.