ഇടുക്കി:എല്ലാ ഗ്രാമപഞ്ചായത്തുകളുടെയും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ വസിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിലെ ജനങ്ങൾ വസിക്കുന്ന ഭവനങ്ങൾ, സങ്കേതങ്ങൾ എന്നിവയുടെ വിവരം ജൽജീവൻ മിഷൻ പദ്ധതി നിർവ്വഹണ വിഭാഗങ്ങൾക്ക് ലഭ്യമാക്കുന്നതിന് പട്ടികജാതി പട്ടികവർഗ്ഗ ജില്ലാ വികസന ഓഫീസർമാരോട് ജില്ലാകലക്ടർ എച്ച്. ദിനേശൻ നിർദ്ദേശിച്ചു. ജില്ലയിലെ പഞ്ചായത്തുകളിൽ ജലനിധി വഴി നടപ്പാക്കേണ്ട പദ്ധതികളുടെ അവലോകനത്തിനും അംഗീകാരത്തിനുമായി ചേർന്ന ഓൺലൈൻ യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. ജൽജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ ഗ്രാമപഞ്ചായത്തുകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതിന് പദ്ധതിരേഖ തയ്യാറാക്കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, വാട്ടർ അതോറിറ്റി ജലവിതരണപദ്ധതി നിർവ്വഹണ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർ, എസ്.സി/എസ്.ടി ജില്ലാ വികസന ഓഫീസർമാർ, ഭൂജല വകുപ്പ് ജില്ലാ ഓഫീസർ, ജലനിധി മേഖലാ പദ്ധതി ഡയറക്ടർ എന്നിവരുടെ ഒരു അടിയന്തര യോഗം കൂടുന്നതിന് ജില്ലാതല ശുചിത്വ മിഷൻ സെക്രട്ടറിയോടും നിർദ്ദേശിച്ചു.
ജലനിധി വഴി 202021 വർഷത്തിൽ 13 ഗ്രാമ പഞ്ചായത്തുകളിൽ നൽകപ്പെടേണ്ട 2173 ഗാർഹിക കുടിവെള്ള കണക്ഷനുകൾക്കായുള്ള 301.90 ലക്ഷം രൂപയുടെ 13 പദ്ധതികൾ യോഗം അംഗീകരിക്കുകയും പദ്ധതിയുടെ അനുമതിക്കായി സംസ്ഥാന ജല ശുചിത്വ സമിതി മുമ്പാകെ സമർപ്പിക്കുന്നതിന് യോഗം തീരുമാനിക്കുകയും ചെയ്തു.
യോഗത്തിൽ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ ജോസഫ് സെബാസ്റ്റ്യൻ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ അജി. പി.എൻ, ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസർ കെ.എസ്. ശ്രീരേഖ, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ. മനോഹരൻ, ജലനിധി തൊടുപുഴ മേഖലാ ഓഫീസർ റ്റോമി കെ.ജെ, ചെറുകിട ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബിനു ബേബി, തദ്ദേശ സ്വയംഭരണ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ തങ്കച്ചൻ പി.ജെ തുടങ്ങിയവർ പങ്കെടുത്തു.