മൂന്നാർ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയിൽ ഇന്നലെ തിരച്ചിലിൽ ഒരു ഗർഭിണിയുടേതടക്കം മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. കൗശിക (15), ശിവരഞ്ജിനി (15), ഗർഭിണിയായ മുത്തുലക്ഷ്മി (26) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 65 ആയി. അഞ്ച് പേരെക്കൂടി ഇനി കണ്ടെത്താനുണ്ട്. ദുരന്തഭൂമിക്ക് സമീപത്തു നിന്നും കിലോമീറ്ററോളം ദൂരത്തുള്ള ഭൂതക്കുഴി ഭാഗത്തു നിന്നുമാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തത്. തുടർച്ചയായ 14 ദിവസമായി തിരച്ചിൽ നടക്കുന്നു. ഇന്നലെയും റെഡാർ സംവിധാനം പ്രയോജനപ്പെടുത്തിയായിരുന്നു തിരച്ചിൽ.