ചെറുതോണി: ആലപ്പുഴ- മധുര സംസ്ഥാന പാതയിൽ പഴയരിക്കണ്ടം മുതൽ തള്ളക്കാനം വരെയുള്ള ഭാഗത്ത് അപകടങ്ങൾ പതിവാകുന്നു. ഇവിടെ റോഡിന്റെ വീതി കുറവും കൊടും വളവുകളുമാണ് അപകടങ്ങൾക്ക് പ്രധാന കാരണം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ പഴയരിക്കണ്ടം മുതൽ തള്ളക്കാനം വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരത്ത് മൂന്ന് അപകടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം തൂക്കുപാലം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായെങ്കിലും ആർക്കും പരിക്ക് എൽക്കാതെ രക്ഷപ്പെട്ടു . കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നു പോകാൻ സാധിക്കുന്ന അഞ്ച് കിലോമീറ്റർ ദൂരം വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ ഇരുചക്ര വാഹന യാത്രികരും കാൽനടയാത്രക്കരുമാണ് എറ്റവും കൂടുതൽ ദുരിതത്തിലാകുന്നത്. പഴയരിക്കണ്ടം മുതൽ തള്ളക്കാനം വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരം റീ ടാറിംങ്ങ് നടത്തിയിട്ട് 15 വർഷങ്ങൾ കഴിഞ്ഞു. എല്ലാവർഷവും റോഡിലെ കുഴിയടയ്ക്കുന്നതല്ലാതെ പൊതുമരാമത്ത് വകുപ്പ് 15 വർഷമായി ഈ റോഡിൽ ഒരു നിർമ്മാണ പ്രവർത്തനവും നടത്തിയിട്ടില്ലാത്തതിനാൽ റോഡിന്റെ ഇരുവശങ്ങളിലും വൻ ഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. വീതികുറവും കിടങ്ങുകളും ഇരുചക്ര യാത്രികരെയും കാൽനടയാത്രക്കരെയും അപകടത്തിലാക്കുന്നു.