തൊടുപുഴ: നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോസെപ്തംബർ പത്തോടെ അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കി തുറക്കാൻ തീരുമാനം. മുമ്പും പല തവണ ഡിപ്പോ തുറക്കാൻ ഇത്തരത്തിൽ നടപടികളെടുത്തെങ്കിലും തീരുമാനമാകാതെ പ്രവർത്തനങ്ങൾ മുടങ്ങുകയായിരുന്നു. എന്നാൽ ഇത്തവണ പത്തിനു മുമ്പ് ഡിപ്പോ പുതിയ മന്ദിരത്തിലേക്കു മാറ്റാൻ ഇന്നലെ ചേർന്ന ജനപ്രതിനിധികളുടെയും കെ.എസ്.ആർ.ടി.സി അധികൃതരുടെയും യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. പുതിയ ഡിപ്പോയും ഷോപ്പിംഗ് കോംപ്ലക്സും തുറന്നു നൽകാത്തതിനാൽ കെ.എസ്.ആർ.ടി.സിയ്ക്ക് കനത്ത നഷ്ടമാണ് ഉണ്ടാകുന്നത്.ഡിപ്പോ പുതിയ മന്ദിരത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ജനകീയ സമിതിയും രൂപീകരിച്ചു. പി.ജെ.ജോസഫ് എം.എൽ.എ, കെ.എസ്.ആർ.ടിസി ഡയറക്ടർ ബോർഡംഗം സി.വി.വർഗീസ്, മുനിസിപ്പൽ കൗൺസിലർ രാജീവ് പുഷ്പാംഗദൻ, ഡി.ടി.ഒ ആർ. മനേഷ്, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവരടങ്ങിയ 15 അംഗ കമ്മറ്റിയാണ് രൂപീകരിച്ചത്. ഈ കമ്മറ്റിയുടെ മേൽ നോട്ടത്തിൽ അത്യാവശ്യ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഡിപ്പോ മാറ്റും. അടിയന്തരമായി ചെയ്തു തീർക്കേണ്ട നിർമാണ ജോലികൾ വിലയിരുത്താനും എസ്റ്റിമേറ്റ് തയാറാക്കാനുമായി കെ.എസ്.ആർ.ടി.സി സിവിൽ വിഭാഗം എൻജിനിയർമാരും ഡിപ്പോ എൻജിനിയറും എത്തി പരിശോധന നടത്തി. നിലവിൽ മേൽക്കൂര ചോരുന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടത്തി വൈദ്യുതീകരണ ജോലികൾ പൂർത്തിയാക്കിയും ടോയ്ലറ്റുകൾ ഉപയോഗ യോഗ്യമാക്കിയും ഡിപ്പോ തത്ക്കാലം തുറക്കാനാണ് ശ്രമം. ഇതിനായി സ്പോൺസർമാരുടെ സഹായവും തേടുന്നുണ്ട്.
പണി തീരാത്ത ഏഴ് വർഷം
2013 ജനുവരിയിലാണ് തൊടുപുഴയിൽ പുതിയ ഡിപ്പോ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമാണം ആരംഭിച്ചത്. ഇതു വരെയും പൂർണമായി നിരമാണം പൂർത്തിയാക്കാനായിട്ടില്ല. നിലവിൽ ഡിപ്പോ പ്രവർത്തിക്കുന്ന ലോറി സ്റ്റാൻഡിൽ യാത്രക്കാർക്കും ജീവനക്കാർക്കും യാതൊരു അടിസ്ഥാന സൗകര്യവുമില്ല.