മറയൂർ: കാറ്റിലും മഴയിലും ചന്ദന റിസർവിൽ നിന്ന് റോഡിലേക്ക് മറിഞ്ഞ മരങ്ങൾ വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു. അന്തർ സംസ്ഥാന പാതയിൽ മറയൂർ ടൗൺ മുതൽ ഊരുവാസൽ വരയുള്ള ഭാഗത്താണ് റോഡിലേക്ക് മരങ്ങൾ വീണത്. വനംവകുപ്പ് കൃത്യമായ രീതിയിൽ മുറിച്ച് നീക്കാത്തത് കാരണമാണ് അന്തർസംസ്ഥാനപാതയിൽ അപകടക്കെണി ഒരുക്കിയിരിക്കുന്നത്. അന്തർ സംസ്ഥാന പാതയിൽ വീണ കാട്ടുമരങ്ങളുടെ റോഡിലേക്ക് മാത്രം വീണ ഭാഗങ്ങൾ മാത്രമാണ് നീക്കിയത്. റോഡിന്റെ വശത്തോട് തൊട്ടുരുമി നിൽക്കുന്ന കൊമ്പുകളാണ് അപകടത്തിന് വഴിയൊരുക്കിയിരിക്കുന്നത്. റോഡിലേക്ക് വീണ ചന്ദനമരങ്ങൾ മാത്രമാണ് വനം വകുപ്പ് ശേഖരിച്ചത്. റോഡിൽ അപകടകരമായി നിൽക്കുന്ന തരത്തിലുള്ള മരത്തിന്റെ ശിഖരത്തിൽ സർക്കാർ മുതലെന്ന് തീയതി സഹിതം രേഖപ്പെടുത്തിയിട്ടുണ്ട്. വേഗത്തിലെത്തുന്ന വാഹങ്ങൾ അപകടത്തിൽപ്പെടാൻ സാദ്ധ്യത ഏറെയാണ്.