കട്ടപ്പന: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ കട്ടപ്പന നഗരം അടച്ചിട്ട് പ്രതിരോധം ശക്തമാക്കി. ടൗൺ ഉൾപ്പെടുന്ന 17ാം വാർഡ് പൂർണമായും 20ാം വാർഡിലെ ചേന്നാട്ടുമറ്റം ജംഗ്ഷൻ മുസ്ലീം പള്ളി മുതൽ ഇടുക്കിക്കവല, സംഗീത ജംഗ്ഷൻ, വെയർ ഹൗസ് റോഡ്, ബൈപാസ് റോഡ് എന്നീ ഭാഗങ്ങളും കണ്ടെയ്ൻമെന്റ് സോണിലാണ്. കൂടാതെ എട്ടാം വാർഡിലെ കല്ലുകുന്ന് ഭാഗവും 13ാം വാർഡിലെ സാഗര കോളനി ഭാഗവും മൈക്രോ കണ്ടെയ്ൻമെന്റ് സോണിലാണ്. അതേസമയം നഗരത്തിലെ ചില ഭാഗങ്ങൾ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടിട്ടില്ല. പരിശോധന കർശനമല്ലാത്തതിനാൽ സ്വകാര്യ വാഹനങ്ങൾ കണ്ടെയ്ൻമെന്റ് സോണിലേക്ക് എത്തുന്നുണ്ട്.
ഉപ്പുതറ, ഇടുക്കി, അടിമാലി, ഇരട്ടയാർ എന്നിവിടങ്ങളിലേക്കുള്ള ബസുകൾ ഇടുക്കിക്കവല വരെയും കുമളി, നെടുങ്കണ്ടം മേഖലകളിലേക്കുള്ള ബസുകൾ പാറക്കടവ് റോഡിലെ പെട്രോൾ പമ്പ് വരെയും സർവീസ് നടത്തി.
അവശ്യസാധനങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെയും പൊതുമേഖല, ദേശസാത്കൃത ബാങ്കുകൾ ഉച്ചകഴിഞ്ഞ് രണ്ടുവരെയും തുറന്നു പ്രവർത്തിക്കും. പെട്രോൾ പമ്പ്, ഗ്യാസ് ഏജൻസികൾക്കും നിയന്ത്രണത്തോടെ പ്രവർത്തിക്കാം. കഴിഞ്ഞ ഏഴുദിവസത്തിനിടെ 26 പേർക്കാണ് കട്ടപ്പനയിൽ കൊവിഡ് ബാധിച്ചത്. ഇന്നലെ നാലുപേർക്കും ബുധനാഴ്ച 13 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.