തൊടുപുഴ : രാജ്യസഭ തിരഞ്ഞെടുപ്പിൽ വോട്ടവകാശം രേഖപ്പെടുത്തേണ്ടതില്ലെന്ന റോഷി അഗസ്റ്റിൻ എം.എൽ.എ.യുടെ നിലപാട് മൂലം ഇടുക്കി നിയോജക മണ്ഡലത്തിലെ മുഴുവൻ വോട്ടർമാരെയും 'നോട്ട' ആക്കി മാറ്റിയിരിക്കുകയാണെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് ആരോപിച്ചു. നിയമസഭയിലേക്ക് ഓരോ അസംബ്ലി മണ്ഡലങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള എം.എൽ.എമാർക്ക് മാത്രമാണ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളത്. ഇടുക്കി മണ്ഡലത്തിലെ ജനങ്ങൾ എം.എൽ.എയെ തിരഞ്ഞെടുത്ത ഒറ്റക്കാരണത്താലാണ് റോഷിക്ക് രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ടവകാശം ലഭിച്ചിട്ടുള്ളതും. ജനങ്ങളുടെ അഭിലാഷത്തിന് വിരുദ്ധമായി വോട്ട് ചെയ്യാതിരിക്കുന്നത് ജനവഞ്ചനയാണ്. എന്നാൽ ലോകസഭാ തിരഞ്ഞെടുപ്പിൽ എല്ലാ വോട്ടർമാർക്കും വോട്ടു ചെയ്യാം. രാജ്യസഭയിലേയ്ക്ക് നടക്കുന്ന വോട്ടെടുപ്പിൽ എം.എൽ.എമാർ വോട്ടു ചെയ്യുന്നത് തങ്ങളെ തിരഞ്ഞെടുത്ത ജനങ്ങളെ പ്രതിനിധീകരിച്ചാണ്. അതിനാൽ തന്നെ എം.എൽ.എ വോട്ടവകാശം വിനിയോഗിക്കാൻ ബാധ്യസ്ഥനാണ്. വോട്ടു ചെയ്യേണ്ടതില്ല എന്ന റോഷിയുടെ തീരുമാനം രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിലെ തനിക്ക് വോട്ടു ചെയ്താൽ ജനങ്ങളെ തള്ളി പറയുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.