ഇടുക്കി: ഓണക്കാലത്ത് വിപണിയിൽ ഉൺാവാൻ സാധ്യതയുള്ള മായം ചേർക്കൽ തടയാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച 'ഓപ്പറേഷൻ പെന്നോണം' പ്രത്യേക ഓണം സ്‌ക്വാഡിന്റെ നേതൃത്വത്തിൽ അഞ്ച് ദിവസത്തിനുള്ളിൽ 142 സ്ഥാപനത്തിൽ പരിശോധന നടത്തി. നിയമലംഘനങ്ങൾ കണ്ടെത്തിയ 19 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് രണ്ട് സ്ഥാപനങ്ങളിൽ നിന്നും പിഴയീടാക്കി. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായി കണ്ടെത്തിയ പത്ത് സ്ഥാപനങ്ങളിൽ നിന്ന് സാമ്പിൾ ശേഖരിച്ച് കാക്കനാട് റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറിയിലേക്ക് പരിശോധനക്കയച്ചു.
ഇന്നലെ നടത്തിയ പരിശോധനയിൽ മൂലമറ്റത്ത് വിൽപ്പനക്ക് വച്ച 10 കിലോ ഉണക്ക മത്സ്യം പിടികൂടി നശിപ്പിച്ചു. ഉടുമ്പന്നൂരിലെ അങ്കണവാടിയിൽ നിന്നും വിതരണം ചെയ്ത അമൃതം പൊടിയിൽ മാലിന്യം കൺെത്തിയതായി പരാതി ഉയർന്നതിനെ തുടർന്ന് സാമ്പിൾ ശേഖരിച്ച് പരിശോധനക്കയച്ചു.