auto
ഹരിത കർമ്മ സേന

തൊടുപുഴ: ആലക്കോട് പഞ്ചായത്തിനെ പ്ലാസ്റ്റിക്കും പാഴ് വസ്തുക്കളും നീക്കി മാലിന്യമുക്തമാക്കാൻ ഓടിപ്പാഞ്ഞു നടക്കുന്ന 'ഒരാളു'ണ്ട്. ഹരിതകർമ്മസേനയിലെ ഒന്നാമൻ. ബാക്കിയുള്ള 26അംഗങ്ങൾക്കും അവരുടെ വാർഡിലെ വീടുകളിൽ നിന്നും അജൈവ പാഴ്‌വസ്തുക്കൾ സമാഹരിക്കുന്ന ചുമതലയേ ഉള്ളുവെങ്കിൽ ഇദ്ദേഹത്തിന് എല്ലാ വാർഡുകളിലും ഓടേണ്ട സ്ഥിതിയാണ്.ഒരു ദിവസം പോലും മുടക്കമില്ല,മുടങ്ങിയാൽ ആകെ പ്രശ്‌നമാകും. ആരാണ് ആ സേവകൻ എന്നാണോ, ആലക്കോടിന്റെ ഹരിതമെന്ന സ്വന്തം വാഹനമാണ് പഞ്ചായത്തിന്റെ മാത്രമല്ല സമീപത്തെ കുടത്തൂർ, കോടിക്കുളം, വെള്ളിയാമറ്റം പഞ്ചായത്തുകളുടെയും പാഴ്‌വസ്തു നീക്കത്തിന്റെ ചുക്കാൻ പിടിക്കുന്നത്. വാഹന സൗകര്യമില്ലാത്തത് പാഴ്‌വസ്തു നീക്കത്തിന് തടസ്സമായപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം മുൻകൈയ്യെടുത്ത് വാങ്ങിക്കൊടുത്തതാണ് ഈ വാഹനം. ഹരിതകർമ്മസേനയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഹരിതകേരളം സംഘടിപ്പിച്ച അന്താരാഷ്ട്ര വെബിനാറിൽ ആലക്കോടിന് ഇടംനേടിക്കൊടുത്തതും ഈ ഹരിത വാഹനത്തിന്റെ കൂടി മികവാണ്. ഹരിത കർമ്മ സേനയുടെ മാത്രം ഹരിതം ഓരോ വാർഡുകളിലെയും വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്കും പാഴ് വസ്തുക്കളും പഞ്ചായത്തിന്റെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിലെത്തിക്കുന്നത് ഹരിതകർമ്മസേനയ്ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതാണ് സ്വന്തം വാഹനമെന്ന് ചിന്തിക്കാൻ ഹരിതകർമ്മ സേനയെ പ്രേരിപ്പിച്ചത്. വാഹനത്തിനാവശ്യമായ 4,61,000 രൂപയും വായ്പ നൽകി തെക്കുംഭാഗം സഹകരണ ബാങ്ക് ഹരിതകർമ്മ സേനയ്ക്ക് കരുത്തുപകർന്നു. പഞ്ചായത്ത് കമ്മിറ്റി 1,94,000 രൂപ സബ്‌സിഡിയും നൽകി.കഴിഞ്ഞ ജൂണിലാണ് ഈ വാഹനം എത്തുന്നത്. അന്നുതൊട്ട് നിർത്താതെ ഓട്ടം തുടരുകയാണ് ഈ ഹരിത വാഹനം. പ്രതിമാസം 17000 രൂപയാണ് വായ്പയുടെ തിരിച്ചടവ്. ഈ തുക കണ്ടെത്തുന്നതിനാണ് സമീപ പഞ്ചായത്തുകളുടെ പാഴ് വസ്തു നീക്കവും മറ്റും ഹരിതം ഏറ്റെടുത്തത്. ഒരു ദിവസം മറ്റ് പഞ്ചായത്തിനായി ഓടിയാൽ 2250 രൂപയാണ് ലഭിക്കുക.ഒരു വർഷം കൊണ്ട് മൊത്തം വായ്പയും തിരികെ അടച്ച് ബാധ്യത തീർക്കാനാണ് ഹരിതകർമ്മ സേനയുടെ ആഗ്രഹമെന്ന് ഹരിതകർമ്മ സേനയുടെ സെക്രട്ടറി ജാൻസി ജോസഫും പ്രസിഡന്റ് വിജയമ്മയും പറഞ്ഞു.