ഇടുക്കി: ജില്ലയിൽ പട്ടയ ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾക്കു നിരോധനം ഏർപ്പെടുത്തിയ നടപടി പിണറായി സർക്കാരിന്റെ മലയോര ജനതയോടുള്ള വെല്ലുവിളിയാണെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ പറഞ്ഞു. നിർമാണ നിരോധനം ഏർപ്പെടുത്തിയ നടപടിയിൽ മന്ത്രി എം.എം.മണി ജനങ്ങളോട് മറുപടി പറയണം. മന്ത്രിസഭാ തീരുമാനം പോലും മന്ത്രിയറിയുന്നില്ല. 1964 ലെ ഭൂപതിവു ചട്ടം ഭേതഗതി ചെയ്യുന്നതിന് ഒരു നടപടിയും സ്വീകരിക്കാത്ത സംസ്ഥാന സർക്കാരിന്റെ നടപടി ജില്ലയിലെ കർഷകരെ ദുരിതത്തിലേക്ക് നയിക്കും. ജില്ലയിലെ കർഷകർക്ക് പട്ടയ ഭൂമിയിൽ കെട്ടിടം നിർമിക്കുന്നതിനു ജില്ലാ കളക്ടറുടെ ഉത്തരവ് റദ്ദ് ചെയ്യണം. 22.8.19 ലെ സർക്കാർ ഉത്തരവിന്റെ ചുവടുപിടിച്ചാണ് കലക്ടർ ഉത്തരവിറക്കിയത്. 1964ലെ ഭൂപതിവ് ചട്ടപ്രകാരം കൃഷി ആവശ്യത്തിനായാണ് ഭൂമി പതിച്ച് നൽകിയിട്ടുള്ളത്. ഇതാണ് ഇപ്പോൾ കെട്ടിട നിർമാണത്തിനു തടസം സൃഷ്ടിക്കുന്നത്. വ്യവസ്ഥകൾ ലംഘിച്ച് ഒരുതരത്തിലുള്ള നിർമ്മാണങ്ങളും അനുവദിക്കില്ലായെന്ന ചട്ടം ഇടുക്കിയിലെ ജനങ്ങളോടുള്ള ദ്രോഹമാണെന്നും ഇടുക്കി ജില്ലയിലെ എട്ടു വില്ലേജുകളിൽ മാത്രം ഏർപ്പെടുത്തിയിരുന്ന റവന്യൂവകുപ്പിന്റെ എൻ.ഒ.സി, മുഴുവൻ ജില്ലകൾക്കും ബാധകമാക്കുന്ന നടപടിക്കെതിരെ ശക്തമായ സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.