muttam

തൊടുപുഴ: മുട്ടം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്ക് താമസിക്കാനുള്ള ക്വാർട്ടേഴ്‌സുകൾ തകർച്ചയിൽ. ചോർന്നൊലിക്കുന്ന കെട്ടിടങ്ങളിൽ മഴക്കാലത്ത് ഭയന്നാണ് ജീവനക്കാർ കഴിയുന്നത്. രണ്ട് മെഡിക്കൽ ഓഫീസർമാർ ഉൾപ്പെടെ പത്തോളം ജീവനക്കാർക്ക് കുടുംബത്തോടൊപ്പം താമസിക്കാനുള്ള കെട്ടിടങ്ങളാണ് അറ്റകുറ്റപ്പണി നടത്താത്തതുമൂലം തകർച്ചയിലായിരിക്കുന്നത്. മൂന്നു പതിറ്റാണ്ട് മുമ്പ് മുട്ടത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവർത്തനമാരംഭിച്ചപ്പോഴാണ് ഇവിടെ ക്വാർട്ടേഴ്‌സുകളും നിർമിച്ചത്. എല്ലാ ക്വാർട്ടേഴ്‌സ്‌കളും ശോചനീയമായ നിലയിലാണ്. മെഡിക്കൽ ഓഫീസറുടെ ഒരു ക്വാർട്ടേഴ്‌സ് പൂർണമായും ചോർന്നൊലിക്കുന്നതിനാൽ ഇവിടെ ഡോക്ടർമാർ താമസിക്കുന്നില്ല. ജീവനക്കാർ താമസിക്കുന്ന മറ്റു കെട്ടിടങ്ങളിലും സമാന സ്ഥിതിയാണ്. മഴ പെയ്യുമ്പോൾ ക്വാർട്ടേഴ്‌സിനകം നനഞ്ഞൊലിക്കുന്നതിനാൽ ഇവിടെ താമസിക്കുന്ന ചില ജീവനക്കാർ സ്വന്തം കൈയിൽ നിന്നും പണം മുടക്കി പടുതയും പ്ലാസ്റ്റിക്ക് ഷീറ്റുകളും വലിച്ച് കെട്ടിയാണ് കഴിയുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് കനത്ത മഴയത്ത് ക്വാർട്ടേഴ്‌സുകളുടെ ചില ഭാഗം ഇടിഞ്ഞു വീഴുകയും ചെയ്തിരുന്നു. ഏത് സമയത്തും പൂർണമായും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് പല ക്വാർട്ടേഴ്‌സുകളും നില നിൽക്കുന്നത്. ക്വാർട്ടേഴ്‌സുകളുടെ ഭിത്തിയും മേൽക്കൂരയും ജീർണിച്ച് അപകടാവസ്ഥയിലായതിനാൽ മിക്ക ക്വാർട്ടേഴ്‌സിലും താമസിക്കാൻ ജീവനക്കാർ തയാറാകുന്നില്ല. പലരും വാടകക്കെട്ടിടങ്ങളിലാണ് താമസിക്കുന്നത്. ഇതിനിടെ ക്വാർട്ടേഴ്‌സുകൾ അറ്റകുറ്റപ്പണി നടത്തുകയോ പുതിയവ നിർമിക്കുകയോ വേണമെന്ന് ആരോഗ്യ കേന്ദ്രം അധികൃതർ ബ്ലോക്ക് പഞ്ചായത്തിനു നിർദേശം നൽകിയിരുന്നു. എന്നാൽ ക്വാർട്ടേഴ്‌സുകൾ അപകടാവസ്ഥയിലായിട്ടും ഇക്കാര്യത്തിൽ യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.

'ക്വാർട്ടേഴ്‌സുകൾ നവീകരിക്കാൻ ബ്ലോക്ക് പഞ്ചായത്ത് 12 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി ക്വാർട്ടേഴ്‌സുകളുടെ ശോചനീയാവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണും.'

സിനോജ് ജോസ്

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌