തട്ടക്കുഴ : മൊബൈൽ ഫോണുകൾ പരിധിക്കു പുറത്തായതോടെ ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാതെ വിദ്യാർഥികൾ വലയുന്നു. തട്ടക്കുഴയും സമീപ പ്രദേശമായ കൊല്ലപ്പുഴയിലുമാണ് മൊബൈൽ ഫോണുകൾക്ക് സിഗ്‌നൽ ഇല്ലാത്തത്. ഇതോടെ വിദ്യാർഥികൾ റേഞ്ചുള്ള ഉയർന്ന സ്ഥലങ്ങളിൽ പോയാണ് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നത്. ഒന്നാം ക്ലാസ് മുതൽ കോളജ് വരെയുള്ള നിരവധി കുട്ടികൾ ഈ മേഖലയിൽ ഉണ്ട്. കോളജ് വിദ്യാർഥികൾക്ക് ഓൺലൈൻ വിഡിയോ കോൺഫറൻസ് വഴിയാണ് ക്ലാസ്. ഇതിൽ പലപ്പോഴും ഇവിടെയുള്ള കുട്ടികൾക്ക് പങ്കെടുക്കാൻ കഴിയുന്നില്ല. പല കമ്പനികളുടെ സിം കാർഡുകൾ മാറ്റി പരീക്ഷിച്ചെങ്കിലും ഒന്നിനും ഈ പ്രദേശത്ത് സിഗ്‌നൽ ഇല്ല. വിദ്യാർഥികൾക്ക് ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ മാതാപിതാക്കളും ആശങ്കയിലാണ്. നെറ്റ്‌വർക്കിന് പരിഹാരം കാണാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാൻ നാട്ടുകാർ തീരുമാനിച്ചു.