ചെറുതോണി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിൽക്കാനുള്ള റോഷി അഗസ്റ്റിൻ എം.എൽ.എയുടെ തീരുമാനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി നേതൃയോഗം വിലയിരുത്തി. സുപ്രീംകോടതി വിധി അനുസരിച്ച് രാജ്യസഭാ തിരഞ്ഞെടുപ്പിൽ നിന്ന് ജനപ്രതിനിധികൾ വിട്ടുനിൽക്കാൻ പാടില്ല. ഐക്യജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ വിജയിപ്പിച്ച ഇടുക്കി നിയോജകമണ്ഡലത്തിലെ ജനാധിപത്യവിശ്വാസികളോടും മുഴുവൻ വോട്ടർമാരോടുമുള്ള അവഹേളനമാണിത്. എം.എൽ.എ യുടെ ജനാധിപത്യ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് രാജ്യസഭാ തെരഞ്ഞെടുപ്പ് ദിവസമായ 24 ന് ഇടുക്കി നിയോജക മണ്ഡലത്തിലെ 11 മണ്ഡലം കമ്മറ്റികളുടെയും നേതൃത്വത്തിൽ കരിങ്കൊടി ഉയർത്തി വഞ്ചനാദിനമായി ആചരിക്കാനും യോഗം തീരുമാനിച്ചു.
കട്ടപ്പനയിൽ മാത്യു സ്റ്റീഫൻ എക്സ് എം.എൽ.എ ചെറതോണിയിൽ പ്രൊഫ. എം.ജെ. ജേക്കബ്, ലബ്ബക്കടയിൽ അഡ്വ. തോമസ് പെരുമന, കൊന്നത്തടിയിൽ നോബിൾ ജോസഫ്, മുരിക്കാശ്ശേരിയിൽ ഷൈനി സജി, തോപ്രാംകുടിയിൽ വി.എ. ഉലഹന്നാൻ, ഇടുക്കിയിൽ വർഗീസ് വെട്ടിയാങ്കൽ, കഞ്ഞിക്കുഴിയിൽ ജോയി കൊച്ചുകരോട്ട്, തങ്കമണിയിൽ എബി തോമസ്, മൂലമറ്റത്ത് സി.വി. സുനിത, കാഞ്ഞാറിൽ സാം ജോർജ് എന്നിവർ പ്രതിഷേധ പരിപാടികൾ ഉദ്ഘാടനം ചെയ്യും.