തൊടുപുഴ: കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പ്രവർത്തനം പുതിയ മന്ദിരത്തിലേക്ക് മാറ്റുന്ന വിവരം നഗരസഭാ അധികൃതരെ അറിയിക്കാത്തത് വിവാദമായി. ഇതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ നഗരസഭ ചെർപേഴ്സനെയും വാർഡ് കൗൺസിലർമാരെയും ഒഴിവാക്കിയതായും ആക്ഷേപം. ഏഴു വർഷം വാടക ഈടാക്കാതെ നഗരസഭയുടെ ലോറി സ്റ്റാൻഡിലാണ് ഡിപ്പോ പ്രവർത്തിച്ചു വരുന്നത്. ഇവിടെ നിന്ന് മാറ്റുമ്പോൾ നഗരസഭയെ അറിയിക്കേണ്ടതല്ലേയെന്ന ാണ് ചെയർപേഴ്സണും കൗൺസിലർമാരും ചോദിക്കുന്നത്. നഗരസഭയുടെ ഭാഗത്തു നിന്ന് വെങ്ങല്ലൂർ വാർഡിനെ പ്രതിനിധീകരിക്കുന്ന ഇടതു കൗൺസിലറായ രാജീവ് പുഷ്പാംഗദൻ മാത്രമാണ് പങ്കെടുത്തത്. യോഗത്തിൽ ചെയർപേഴ്സണെയും നിലവിൽ ഡിപ്പോ പ്രവർത്തിക്കുന്ന വാർഡ് കൗൺസിലറെയും പുതിയ ഡിപ്പോ സ്ഥിതി ചെയ്യുന്ന ഭാഗത്തെ അംഗമായ വൈസ് ചെയർപേഴ്സണെയും അറിയിച്ചില്ല. ഡയറക്ടർ ബോർഡംഗം നിർദേശം നൽകിയിരുന്നെങ്കിലും പി.ജെ . ജോസഫ് എം.എൽ.എയെ തലേ ദിവസമാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. ഡയറക്ടർ ബോർഡംഗവും ഡിപ്പോയിലെ പ്രതിപക്ഷ യൂണിയൻ ഭാരവാഹികളും ആവശ്യപ്പെട്ടതിനു ശേഷമായിരുന്നു ക്ഷണിച്ചത്. വർഷങ്ങളായി വാടക ഇല്ലാതെ നഗരസഭ വിട്ടുനൽകിയ സ്ഥലത്തു പ്രവർത്തിക്കുന്ന ഡിപ്പോ മാറ്റുമ്പോൾ അറിയിക്കാനുള്ള മര്യാദ അധികൃതർ കാട്ടിയില്ലെന്നാണ് നഗരസഭയുടെ ആക്ഷേപം. ഇക്കാര്യത്തിൽ ആക്ഷേപം ഉയർന്നതോടെ അനൗപചാരിക യോഗമാണ് ചേർന്നതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
'ഡിപ്പോ താത്ക്കാലികമായി പുതിയ സ്ഥലത്തേക്ക് മാറ്റുന്നത് സംബന്ധിച്ച് ഡയറക്ടർ ബോർഡ് അംഗം സി.വി. വർഗീസിന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗം കെ.എസ്.ആർ.ടി.സി അധികൃതരെയും തൊഴിലാളി യൂണിയൻ പ്രതിനിധികളെയും പങ്കെടുപ്പിച്ച് നടത്താനായിരുന്നു തീരുമാനിച്ചത് . ഐ.എൻ.ടി.യു.സി നേതാക്കളും ഡയറക്ടർ ബോർഡംഗവും ആവശ്യപ്പെട്ടത് അനുസരിച്ചാണ് എം.എൽ.എയെ വിളിച്ചത്."
-ഡി.ടി.ഒ ആർ. മനേഷ്