മറയൂർ: ആദിവാസി യുവതിയെ സഹോദരിയുടെ മകൻ വെടിവച്ചു കൊന്നു. ചിന്നാർ വന്യജീവി സങ്കേതത്തിലെ പാളപ്പെട്ടി ആദിവാസി കോളനിയിലെ മാരികണ്ണന്റെയും പരേതയായ ചാപ്പുവിന്റെയും മകൾ ചന്ദ്രികയാണ് (30) മരിച്ചത്. സംഭവത്തിൽ ചാപ്ലി എന്ന് വിളിക്കുന്ന കാളിയപ്പൻ (20), മണികണ്ഠൻ (22), 12 വയസുകാരൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 9.45നായിരുന്നു സംഭവം. ചന്ദ്രികയുടെ ജ്യേഷ്ഠ സഹോദരി നീലിയുടെ മകനാണ് കാളിയപ്പൻ.
ജൂലായ് 29ന് മറയൂർ വനമേഖലയിൽ നിന്ന് ചന്ദനമരം മുറിച്ച് കടത്തിയ സംഭവത്തിൽ മണികണ്ഠനെയും സുഹൃത്തുക്കളെയും വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവർ ജാമ്യത്തിലിറങ്ങി. അറസ്റ്റിലാകാൻ കാരണം വനം വകുപ്പ് വാച്ചർമാരായ പൊന്നുസ്വാമിയും അശോകനും ഒറ്റിക്കൊടുത്തതാണെന്ന ധാരണയിൽ രാത്രിയോടെ ഇവരെ അന്വേഷിച്ച് മണികണ്ഠനും സംഘവും പാളപ്പെട്ടി ആദിവാസി കോളനിയിലെത്തി. മദ്യപിച്ചിരുന്ന സംഘം കോളനിക്ക് സമീപത്തെ കൃഷിയിടത്തിലെ കാവൽപ്പുരകളിൽ വാച്ചർമാരെ തെരഞ്ഞു. രാത്രിയിൽ വന്യമൃഗങ്ങൾ കൃഷിയിടത്തിലിറങ്ങാതിരിക്കാൻ സ്ത്രീകളുൾപ്പെടെയുള്ളവരാണ് ഇവിടെ കാവൽ കിടക്കുന്നത്. കഴിഞ്ഞദിവസം ചന്ദ്രികയും ബന്ധുക്കളായ മറ്റ് സ്ത്രീകളുമായിരുന്നു കാവൽ. വാച്ചർമാരെ കാണാത്ത പ്രതികൾ സ്ത്രീകളുടെ കാവൽപ്പുരയുടെ സമീപത്തെത്തി. തുടർന്ന് വാച്ചർമാരെവിടെയാണെന്ന് പ്രതികൾ ചോദിച്ചെങ്കിലും ആരും മറുപടി പറഞ്ഞില്ല. തുടർന്ന് ചന്ദ്രികയുടെ കഴുത്തിൽ നാടൻ തോക്ക് ചേർത്ത് വച്ച് കാളിയപ്പൻ വെടിവയ്ക്കുകയായിരുന്നു. ഇവർ തത്ക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന സ്ത്രീകളുടെ നിലവിളി കേട്ട് സമീപത്തെ കോളനിയിലുള്ളവരാണ് പൊലീസിനെ വിവരം അറിയിച്ചത്. തോക്ക് ചൂണ്ടി ഭീതിപരത്തിയ കാളിയപ്പനെ മറ്റുള്ളവർ ചേർന്ന് പിടികൂടി മരത്തിൽ കെട്ടിയിട്ടശേഷം പൊലീസിന് കൈമാറി. മണികണ്ഠനും കൗമാരക്കാരനും ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലീസിന്റെ പിടിയിലായി. മറയൂർ പൊലീസ് ഇൻസ്‌പെക്ടർ ജി. സുനിൽ കുമാർ, എസ്.ഐ ജി. അജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി വിട്ടുനൽകി. സഹോദരങ്ങൾ: ലക്ഷ്മി, പരമശിവം, ഈശ്വരൻ, നീലി.