തൊടുപുഴ: കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ 'വിവിധ' എന്ന പേരിലുള്ള ഓൺ ലൈൻ പദ്ധതി ആരംഭിച്ചു. ജില്ലാ കുടുംബശ്രീയുടെ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌ക്കിലെ അംഗങ്ങളാണ് ഇതിന് മേൽനോട്ടം നൽകുന്നത്. വാട്‌സാപ്പ് കൂട്ടായ്മയിലൂടെ ഓൺ ലൈനായിട്ടാണ് സേവനങ്ങൾ പ്രാദേശികമായി എത്തിക്കന്നതും.ജില്ലയിൽ കുടുംബശ്രീ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്യൂണിറ്റി കൗൺസിലേഴ്സിനെ ഉൾപ്പെടുത്തിയാണ് കൂട്ടായ്മ പ്രവർത്തിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫീൽഡ് പ്രവർത്തനങ്ങൾ നിലച്ചതോടെയാണ് ഓൺ ലൈൻ സംവിധാനത്തിലൂടെ സ്ത്രീകളുടെ പ്രശ്നങ്ങൾ കണ്ടറിയാനും പരിഹാരമാർഗങ്ങൾ തേടാനുമായി സംവിധാനം ഒരുക്കുന്നത്. ആഴ്ചയിൽ ഒരു ദിവസം ഒരു പ്രത്യേക വിഷയവുമായി ബന്ധപ്പെട്ട് ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിക്കും. പിന്നീട് ഈ വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ വാട്ട്സ് ആപ്പ് ഗ്രൂപ്പിലാണ് നടക്കുന്നത്. പുസ്തകങ്ങൾ, സിനിമകൾ, മാദ്ധ്യമങ്ങൾ, വീഡിയോകൾ, യാത്രനുഭവങ്ങൾ, ജീവിതാനുഭവങ്ങൾ എന്നിവയൊക്കെ ഗ്രൂപ്പിൽ പങ്കു വയ്ക്കും. ഇതോടൊപ്പം വിദഗ്ധരുടെ ക്ലാസുകളും ഉണ്ടാകും. സ്ത്രീകൾ പുറത്തു പറയാൻ മടിക്കുന്ന കാര്യങ്ങൾ പോലും ഗ്രൂപ്പിൽ പങ്കു വച്ച് പരിഹാര മാർഗം തേടാം. ഗ്രൂപ്പിൽ അംഗങ്ങളായ കമ്യൂണിറ്റി കൗൺസിലേഴ്സിന് ഇക്കാര്യങ്ങൾ കുടുംബശ്രീ അംഗങ്ങളിലേക്കെത്തിക്കാനും കഴിയും. കൂടാതെ സർഗവാസനകൾ വികസിപ്പിക്കാനുള്ള അവസരവുമുണ്ട്.

സിനിമയിലെപ്പോലെ ജീവിതത്തിലും
കൂട്ടായ്മയുടെ രൂപീകരണത്തോടനുബന്ധിച്ച് ആസിഡ് ആക്രമണത്തിന്റെ കഥ പറഞ്ഞ ഉയിരെ എന്ന സിനിമ ആസ്പദമാക്കിയായിരുന്നു ചർച്ച നടത്തിയത്. ഇതേ ദിവസം തന്നെയായിരുന്നു വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റിനു നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണമുണ്ടായത്. ഇതുമായി ബന്ധപ്പെട്ടും ചർച്ച നടന്നു.ആറു മാസത്തെ ചർച്ചകളിൽ നിന്നുള്ള ഭാഗങ്ങൾ ക്രോഡീകരിച്ച് യുട്യൂബിൽ അപ് ലോഡ് ചെയ്യാനും പദ്ധതി ലക്ഷ്യമിടുന്നു. കൊവിഡ് മൂലമുണ്ടായിരിക്കുന്ന നിയന്ത്രണങ്ങൾക്കിടയിലും സ്ത്രീ സമത്വം, സ്ത്രീ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ട് നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്.