മേഖലയിൽ കടുവയുടെ സാന്നിധ്യം
മൂന്നാർ: രാജമല പെട്ടിമുടിയിലെ ദുരന്തമേഖലയിൽ തുടർച്ചയായ രണ്ടാം ദിനവും തിരച്ചിലിൽ ആരെയും കണ്ടെത്തിയില്ല. ദുരന്തം നടന്ന പ്രദേശത്തു നിന്ന് കിലോമീറ്ററുകളോളം ദൂരയുള്ള ഭൂതക്കുഴി പ്രദേശത്തും ഗ്രാവൽ ബങ്ക് മേഖലയിലുമാണ് ഇന്നലെ തിരച്ചിൽ നടത്തിയത്. ഭൂതക്കുഴി മേഖലയിൽ കടുവയെ കണ്ടത് തിരച്ചിൽ സംഘത്തിനിടയിൽ ആശങ്ക പരത്തി. കഴിഞ്ഞ ദിവസവും മേഖലയിൽ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. വന പ്രദേശം കേന്ദ്രീകരിച്ചുള്ള തിരച്ചിൽ ഏറെ ദുഷ്‌കരമാണ്. കടുവയെ കണ്ട സാഹചര്യത്തിൽ വനം വകുപ്പിലെ ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷമാകും ഇനിയുള്ള തിരച്ചിൽ. ദുരന്തത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് മൂന്നാറിൽ പ്രത്യേക യോഗം ചേരും. ദുരന്തം നടന്ന പ്രദേശത്ത് മണ്ണു നീക്കം ചെയ്ത് വന്നിരുന്ന പരിശോധനയും ഇതിനകം പൂർത്തിയായി.