ചെറുതോണി: നിർധനനായ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചതിനാൽ റോഡിൽ ബോധരഹിതനായി വീണതായി പരാതി. കീരീത്തോട് ആനിച്ചോട്ടിൽ ഷാജിയാണ് (45) പഴയരിക്കണ്ടത്ത് ബോധക്ഷയമുണ്ടായി വീണത്. പഴയരിക്കണ്ടം കടുവാക്കുഴിയിൽ താമസിക്കുന്ന ഷാജി കൂലിപ്പണിക്കാരനാണ്. ഇന്നലെ രാവിലെ ഷാജിയുടെ തലച്ചോറിലെ ഞരമ്പ് പൊട്ടി സ്‌ട്രോക്കുണ്ടായി. കഞ്ഞിക്കുഴിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തൊടുപുഴയിലെ സർക്കാർ ആശുപത്രിയിലേയ്ക്ക് ആംബുലൻസിൽ കൊണ്ടുപോയി. ആശുപത്രിയിലെത്തിയ ഉടനെ ആംബുലൻസ് ചാർജ് 2800 രൂപ ഡ്രൈവർ ചോദിച്ചെങ്കിലും ഭാര്യയുടെ കൈവശമുണ്ടായിരുന്ന 1500 രൂപ നൽകി തിരിച്ചയച്ചു. പിന്നീട് ഡോക്ടർ ഷാജിയെ പരിശോധിച്ചശേഷം ഗുരുതരമായതിനാൽ കോട്ടയത്തിന് കൊണ്ടു പോകാൻ നിർദ്ദേശിക്കുകയും ചെയ്തു. ആംബുലൻസ് വിളിക്കാൻ പണമില്ലന്നറിയിച്ചിട്ടും ചികിത്സ നൽകാതെ ഇവരെ തിരിച്ചയയ്ക്കുകയായിരുന്നു. ചികിത്സിക്കാൻ പണമില്ലാത്തതിനാൽ ഇവർ തൊടുപുഴയിൽ നിന്ന് ബസിൽ കയറി മൂന്നുമണിയോടെ പഴയരിക്കണ്ടത്തെത്തി. ബസിൽ നിന്നിറങ്ങിയ ഉടനെ ഷാജി ബോധരഹിതനായി റോഡിൽ വീഴുകയായിരുന്നു. ആട്ടോറിക്ഷ ഡ്രൈവർമാരുൾപ്പെടെയുള്ള നാട്ടുകാരിടപെട്ട് പണം പിരിച്ച് വീണ്ടും ആംബുലൻസ് വിളിച്ചു വരുത്തിയെങ്കിലും രാവിലെ കൊണ്ടുപോയ ഡ്രൈവർ തന്നെയാണ് വീണ്ടുമെത്തിയത്. എന്നാൽ ഇവരോടൊപ്പം ആരെങ്കിലുമൊരാളുകൂടെ പോരണമെന്നും പുതിയ പി.പി കിറ്റ് വാങ്ങാനുള്ള പണം അധികം നൽകണമെന്നുമുള്ള ഡ്രൈവറുടെ ശാഠ്യംമൂലം രോഗിയെ കൊണ്ടുപോകാൻ ഒന്നരമണിക്കൂർ കൂടി വൈകിയതായി നാട്ടുകാർ പറഞ്ഞു. കൂലിപ്പണിക്കാരനായ ഷാജി പണി സ്ഥലത്തിന് സമീപം പടുത ഷെഡിലാണ് താമസിച്ചിരുന്നത്.