വെള്ളിയാമറ്റം: ആറ് മാസക്കാലമായി കൊവിഡും പ്രകൃതി ദുരന്തങ്ങളും മൂലം തൊഴിലുറപ്പ് ജോലിക്ക് പോകാൻ സാധിക്കാത്ത 65 വയസിന് മുകളിലുള്ള തൊഴിലാളികൾക്ക് കേന്ദ്രസംസ്ഥാന ഗവൺമെന്റുകൾ സഹായം എത്തിക്കണമെന്ന് കർഷക കോൺഗ്രസ് വെള്ളിയാമറ്റം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് വെള്ളിയാമറ്റം മണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് കുറുന്തോട്ടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജിസ്സൻ കിഴക്കേക്കുന്നേൽ,​ ദീപക് കണ്ടാവനം,​ സോണി കിഴക്കേക്കര,​ മോഹനൻ കോഴിപ്പള്ളി,​ ബിന്ദു സാബു എന്നിവർ പ്രസംഗിച്ചു.

ഓണക്കിറ്റ് വീടുകളിലെത്തിക്കുന്നു

തൊടുപുഴ : പൗരാകാശ സംരക്ഷണ സമിതിയുടെയും ലോക സമാധാന ജീവകാരുണ്യ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ രൂപീകരിച്ച റാപ്പിഡ് ആക്‌ഷൻ കേഡറ്റ്സ് (ധ്യുതകർമ്മസേന)​ ഗ്രൂപ്പുകൾ അർഹരായവർക്ക് ഓണക്കിറ്റ് വീടുകളിൽ എത്തിച്ച് നൽകുന്നതിന്റെ ഉദ്ഘാടനം രക്ഷാധികാരി അഡ്വ. ജോർജ്ജ് ജോസഫ് മുതലക്കോടത്ത് നിർവഹിച്ചു.

പ്രതിരോധ മരുന്ന് വിതരണം ചെയ്തു

മണക്കാട് : കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം ക്രമാതീതമായി വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ മണക്കാട് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അസോസിയേഷന്റെ പരിധിയിലുള്ള മുഴുവൻ വീടുകളിലും കോവിഡ് 19 പ്രതിരോധത്തിനുള്ള ആയുർവേദ മരുന്ന് വിതരണം ചെയ്തു. പ്രസിഡന്റ് പി.എൻ ഉണ്ണികൃഷ്ണൻ,​ സെക്രട്ടറി വി.പി ദിലീപ് കുമാർ,​ ട്രഷറർ ഇ.പി സജികുമാർ,​ കമ്മിറ്റി അംഗങ്ങളായ അമൽദേവ്,​ അഖിലേഷ് എന്നിവർ നേതൃത്വം നൽകി.

വെബിനാർ നടത്തി

തൊടുപുഴ : കാഞ്ഞിരമറ്റം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ""കൊവിഡ് വ്യാപനം ആഗോളതലത്തിൽ കൈകൊള്ളേണ്ട മുൻകരുതൽ"" എന്ന വിഷയത്തിൽ വെബിനാർ നടത്തി. വായനശാല സെക്രട്ടറി ദിലീപ് കുമാർ.പി അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗം എസ്.ജി ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. വാഴക്കുളം എൻജിനിയറിംഗ് കോളേജ് പ്രൊഫസർ ജോമു.എം. ജോർജ്ജ് വിഷയാവതരണം നടത്തി.

ബാേണസ് തീരുമാനമായി

തൊടുപുഴ : ഗാർഡിയൻ കൺട്രോൾസ് എംപ്ളോയിസ് യൂണിയൻ സി.ഐ.ടി.യു ​- വും മാനേജ്മെന്റുമായി നടന്ന ഉഭയകക്ഷി ചർച്ചയിൽ 20 ശതമാനം ബോണസും 10 ശതമാനം എക്‌സ്ഗ്രേഷ്യയും തൊഴിലാളികൾക്ക് നൽകാൻ തീരുമാനമായി. യൂണിയനെ പ്രതിനിധീകരിച്ച് ചർച്ചയിൽ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി മേരി,​ സി.ഐ.ടി.യു തൊടുപുഴ ഏരിയാ സെക്രട്ടറി ടി.ആർ സോമൻ,​ യൂണിയൻ ജനറൽ സെക്രട്ടറി വിഷു കെ.എസ്,​ ജോയിന്റ് സെക്രട്ടറി ശ്രീകാന്ത് പി.ആർ,​ വൈസ് പ്രസിഡന്റ് ബീനാകുമാരി എന്നിവരും മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് ജനറൽ മാനേജർ റോയ് അബ്രഹാം,​ എച്ച്.ആർ.ഒ മാനേജർ രാജീവ് സി.ആർ എന്നിവരും പങ്കെടുത്തു.

കോടിക്കുളം പഞ്ചായത്ത് അറിയിപ്പ്

കോടിക്കുളം : വാർഷിക പദ്ധതി 2020​​- 21 ൽപ്പെടുത്തി നടപ്പാക്കുന്ന വിവിധ വ്യക്തിഗത പദ്ധതികൾക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷാ ഫോറങ്ങൾ പഞ്ചായത്ത് ഓഫീസ് ,​ വണ്ടമറ്റം കൃഷിഭവൻ ,​ കോടിക്കുളം മൃഗാശുപത്രി എന്നിവിടങ്ങളിൽ നിന്നും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ 27 ന് വൈകിട്ട് 5 മണി വരെ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

പ്രതിഭകളെ അനുമോദിച്ചു

ഉടുമ്പന്നൂർ : എസ്.എസ്.എൽ.സി,​ പ്ളസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ ഉടുമ്പന്നൂർ പഞ്ചായത്തിലെ മുഴുവൻ കുട്ടികൾക്കും ക്യാഷ് അവാർഡും ട്രോഫിയും പുസ്തകവും നൽകി. കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഉടുമ്പന്നൂർ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ആദരിച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ചേർന്ന യോഗത്തിൽ പ്രസിഡന്റ് കെ.കെ ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ശശിധരൻ കുട്ടികളെയും രക്ഷിതാക്കളെയും സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു. വി.വി ഫിലിപ്പ്,​ ടി.എം സുഗതൻ,​ ടി.എം സുബൈർ,​ പി.കെ രാജമ്മ,​ സി.കെ ശ്യാമള,​ പി.എൻ വിശ്വനാഥൻ,​ സി.സി തങ്കച്ചൻ,​ ടി.എ അഗസ്റ്റിൻ,​ ടി.കെ വിജയൻ എന്നിവർ പ്രസംഗിച്ചു.

തൊഴിലധിഷ്‌ഠിത കോഴ്സുകളിൽ പ്രവേശനം

തൊടുപുഴ : കേന്ദ്രസർക്കാരിന് കീഴിലെ നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷൻ അംഗീകൃത മീഡിയ ഡിസൈൻ കോഴ്സുകളുടെ വിവിധ ട്രേഡുകളിലേക്ക് 2020- 21 അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. കോഴ്സ് കാലാവധി രണ്ട് വർഷം . തൊടുപുഴയിൽ പ്രവർത്തിക്കുന്ന ഇമേജ് ക്രിയേറ്റീവ് എഡ്യൂക്കേഷനിലാണ് കോഴ്സുകൾ നടത്തുന്നത്. പ്ളസ്ടു,​ വി.എച്ച്.എസ്.ഇ,​ ഡിഗ്രി പാസായവർക്കും പരാജിതർക്കും അപേക്ഷിക്കാം. പഠനശേഷം പ്ളേസ്‌മെന്റ് ലഭിക്കും. എൻ.എസ്.ഡി.സി അംഗീകാരമുള്ള ഈ കോഴ്സുകൾക്ക് വിദ്യാഭ്യാസ വായ്പയും ലഭ്യമാണ്. ക്രിയേറ്റീവ് ഇൻഡസ്ട്രിയിലെ സാദ്ധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് തയ്യാറാക്കിയിട്ടുള്ള സിടെക് ഹയർ ഡിപ്ളോമ കോഴ്സുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിട്ടുള്ളത്. വെബ് ടെക്നോളജീസ്,​ വിഷ്വൽ എഫക്ട്,​ ആനിമേഷൻ,​ അഡ്വെർടൈസിംഗ് ,​ ഫാഷൻ ഡിസൈനിംഗ്,​ ഇന്റീരിയർ ഡിസൈൻ,​ ഗെയിമിംഗ് എന്നി ഡിപ്ളോമ കോഴ്സുകളിലേക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9567881023