മറയൂർ: പാളപ്പെട്ടിയിൽ ആദിവാസി യുവതിയെ വെടിവെച്ചുകൊന്ന കേസിൽലെ പ്രതികളുടെ വീട്ടിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ ആനക്കൊമ്പുകൾ കണ്ടെത്തി. മൂന്നാർ വൈൽഡ് ലൈഫ് വാർഡന്റെ നിർദ്ദേശ പ്രകാരം കരിമുട്ടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ നടത്തിയ തിരച്ചിലിലാണ് മൂന്ന് ചെറിയ ആനക്കൊമ്പുകൾ കണ്ടെത്തിയത്. കഴിഞ്ഞ മാസം 29ന് അറസ്റ്റ് ചെയ്ത മണികണ്ഠന്റെ വീടാണ് കൊലപാതകം നടന്ന സാഹചര്യത്തിൽ വനപാലകർ റെയ്ഡ് നടത്തിയത്. വീടിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ ആനകൊമ്പുകൾ കേസ് രജിസ്റ്റർ ചെയ്ത് വനപാലകർ കസ്റ്റഡിയിലെടുത്തു. കൊലപാതക കേസിൽ മണികണ്ഠനെ മറയൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന വനമേഖലയാണ് പാളപ്പെട്ടി കോളനി സ്ഥിതി ചെയ്യുന്നത്. തോക്കും ആനക്കൊമ്പും കണ്ടെത്തിയ സാഹചര്യത്തിൽ വനമേഖല കേന്ദ്രീകരിച്ച് അന്യ സംസ്ഥാന സംഘം ഉൾപ്പെടെയുള്ളവരുടെ പ്രവർത്തനം വനം വകുപ്പ് അന്വേഷണ വിധേയമാക്കുന്നു. കേരള വനമേഖലയിൽ ആനകൾ ഒന്നും തന്നെ കൊല്ലപ്പെടാത്ത സാഹചര്യത്തിൽ തമിഴ്നാട് വനമേഖല കടന്ന് ആനകളെ കൊലപ്പെടുത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം. മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനിലെ കരിമുട്ടി ഡെപ്യൂട്ടി റേഞ്ചർ ആഷിക്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ദിവാകരൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അൻഫാസ്, ഷൈജു, പ്രശാന്ത്, സബിൻ, നീധീഷ് ബാബു, അബ്ദുൾ റാസാഖ് എന്നിവരുടെ നേതൃത്വത്തിലാണ് കൊലക്കേസ് പ്രതിയായ മണികണ്ഠന്റെ വീട്ടിൽ തിരച്ചിൽ നടത്തിയത്. ആനക്കൊമ്പുകൾ കരിമുട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു.