ജില്ലാ തല സമിതിയുടെ പരിശോധന ഇന്നു മുതൽ
തൊടുപുഴ: സർക്കാരിന്റെ ശുചിത്വ പദവി പ്രാഥമികപട്ടികയിൽ ജില്ലയിലെ 24 പഞ്ചായത്തുകളും രണ്ട് നഗരസഭകളും. സർട്ടിഫിക്കറ്റ് നൽകുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ രൂപീകരിച്ച സമിതി ഇന്ന് മുതൽ അഞ്ച് വരെ പഞ്ചായത്തുകളും നഗരസഭകളും സന്ദർശിക്കും. ഹരിതകേരളം മിഷൻ, ശുചിത്വ കേരളം മിഷൻ, കുടുംബശ്രീ, പഞ്ചായത്ത്ഡെപ്യൂട്ടി ഡയറക്ടർ, ആരോഗ്യ വകുപ്പ്, ക്ലീൻ കേരള കമ്പനി എന്നിവയുടെ
പ്രതിനിധികളടങ്ങിയ സമിതിയാണ് എട്ട് ബ്ലോക്കുകളിൽ നിന്നുള്ള 24
പഞ്ചായത്തുകളും രണ്ട് നഗരസഭകളും സന്ദർശിക്കുക. ജില്ലാ കളക്ടറാണ് സമിതിയുടെ അദ്ധ്യക്ഷൻ. ഫീൽഡ് സന്ദർശനം, ഹരിതകർമ്മസേന അംഗങ്ങളുമായി ആശയവിനിമയം നടത്തൽ, ഓഫീസ് രേഖകളുടെ പരിശോധനതുടങ്ങിയവയ്ക്ക് ശേഷമാകും സമിതി മാർക്ക് നിശ്ചയിച്ച്
സർട്ടിഫിക്കറ്റിന് ശുപാർശ ചെയ്യുക.
ഇടം നേടിയ തദ്ദേശസ്ഥാപനങ്ങൾ
അടിമാലി, ആലക്കോട്, കുമാരമംഗലം, പെരുവന്താനം, മുട്ടം, വെള്ളത്തൂവൽ, കോടിക്കുളം, കുമളി, ശാന്തമ്പാറ, വെള്ളിയാമറ്റം, ഇടവെട്ടി, കൊക്കയാർ, മരിയാപുരം, കരിമണ്ണൂർ, കരിങ്കുന്നം, നെടുങ്കണ്ടം, മറയൂർ, കുടയത്തൂർ, മണക്കാട്, രാജാക്കാട്, കാന്തല്ലൂർ, പുറപ്പുഴ, മാങ്കുളം, തൊടുപുഴ നഗരസഭ, ഏലപ്പാറ, കട്ടപ്പന നഗരസഭ
നൂറിൽ 60 മാർക്ക് നേടണം
സമഗ്ര മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് 100 മാർക്കിന്റെ 'പരീക്ഷ'യാണ്
തദ്ദേശഭരണസ്ഥാപനങ്ങൾക്കുള്ളത്. ഹരിതകേരളം നിർദ്ദേശിച്ചിട്ടുള്ള 20
വിലയിരുത്തൽ ഘടകങ്ങളിൽ ഓരോന്നിനും അഞ്ച് മാർക്ക് വീതമാണ്. ആകെയുള്ള 100 മാർക്കിൽ എല്ലാ ഘടകങ്ങളിലുമായി 60 മാർക്ക് നേടുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾക്കാണ് മുഖ്യമന്ത്രി ഒപ്പിട്ട ശുചിത്വ പദവി
സർട്ടിഫിക്കറ്റ് നൽകുന്നത്.
ഈ ഘടകങ്ങൾ പ്രധാനം
ഹരിതകർമ്മ സേനയുടെ രൂപീകരണം
അജൈവമാലിന്യങ്ങൾ ശേഖരിക്കൽ
യൂസർ ഫീ നൽകുന്നവരുടെ എണ്ണം
ഉറവിട ജൈവമാലിന്യ സംസ്‌കരണോപാധികളുടെ എണ്ണം
അജൈവ മാലിന്യങ്ങളുടെ ശേഖരണം, സംഭരണം
പൊതുശുചിമുറികളുടെ എണ്ണം
മാലിന്യ പരിപാലന നിയമം നടപ്പിലാക്കൽ
ഗ്രീൻപ്രോട്ടോക്കോൾ
പ്ലാസ്റ്റിക്ക് നിരോധനം
ബദൽ ഉത്പന്ന വിതരണം
ബഹുജന വിദ്യാഭ്യാസ പരിപാടികൾ
നിരത്തിലെയും ജലാശങ്ങളിലെയും മാലിന്യം
'ആലക്കോട്, കുമളി, വെള്ളിയാമറ്റം, നെടുങ്കണ്ടം, പുറപ്പുഴ
പഞ്ചായത്തുകൾ നേരത്തേ സ്വന്തം നിലയിൽ ശുചിത്വ പദവി പ്രഖ്യാപനം
നടത്തിയവയാണ്. ഇവിടങ്ങളിലും ജില്ലാ തല സമിതി പരിശോധന നടത്തി മാർക്കിടും. അതിനുശേഷമാകും സർക്കാരിന്റെ സർട്ടിഫിക്കറ്റ് ലഭ്യമാക്കുക.
60 ശതമാനത്തിനുമേൽ മാർക്കു നേടുമെന്ന് സ്വയം വിലയിരുത്തുന്ന
തദ്ദേശസ്ഥാപനങ്ങൾക്ക് സ്വന്തം നിലയിൽ ശുചിത്വ പദവി പ്രഖ്യാപനം
നടത്തുന്നതിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്."
- ഡോ. ജി.എസ്. മധു (ഹരിതകേരളം ജില്ലാ കോർഡിനേറ്റർ)